തിരുവനന്തപുരം : തിരൂരില്‍ നിന്നും നിലമ്പൂരിലേക്ക് മെട്രോ റെയില്‍ മാതൃകയില്‍ റെയില്‍വേ ലൈന്‍ വേണമെന്ന് കുറുക്കോളി മൊയ്തീന് എംഎല്‍എ. നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രസംഗത്തിലാണ് കുറുക്കോളി മൊയ്തീന് ഈ ആവശ്യം ഉന്നയിച്ചത്. ജനസാന്ദ്രത കൂടുതലുളള മലപ്പുറം ജില്ലയില്‍ മെട്രോ മാതൃകയില്‍ ഒരു റെയില്‍വേ ലൈന്‍ പണിയുകയാണങ്കില്‍ യാത്രാ ദൂരം കുറയും, ചെലവ് കുറയും, സമയം ലാഭിക്കാനും കഴിയുമെന്ന് കുറുക്കോളി മൊയ്തീന് എംഎല്‍എ പറഞ്ഞു.
ഒരു അംഗത്തിന് ഏതു കാര്യവും ഉന്നയിക്കാന്‍ അവകാശമുണ്ട് എന്നതിനോട് യോജിപ്പുണ്ട്. പക്ഷെ ഇതൊക്കെ വേണോയെന്നത് സ്പീക്കറും നിയമസഭ സെക്രട്ടേറിയറ്റും ആലോചിക്കുന്നത് നന്നായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഈ സര്‍ക്കാറിന്റെ കാലത്ത് എന്നല്ല ഒരു ദശാബ്ദ കാലത്തേക്ക് പോലും അങ്ങനെ ഒരു ആലോചന ഇല്ലെന്നും മുഖ്യമന്ത്രി മറുപടി നല്കി.
ഈ സര്‍ക്കാരിന്റെയെന്നല്ല, ഇനി ഏതെങ്കിലും കാലത്ത് മാറി ഒരു സര്‍ക്കാര്‍ വന്നാല്‍ ആ സര്‍ക്കാരിന്റെ കാലത്തായാലും വരാന്‍ സാധ്യതയില്ലാത്ത ഒരു മെട്രോ റെയിലിനെക്കുറിച്ചാണ് എംഎല്‍എ പറഞ്ഞിട്ടുള്ളത്. ഒരു സര്‍ക്കാരിന്റെയും ആലോചനയില്‍ ഇല്ലാത്ത വിഷയമാണ് ഇതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.