ന്യൂഡൽഹി : രാജ്യത്ത് ഏറ്റവും കൂടുതൽ സ്വത്തുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. 931 കോടി രൂപയുടെ സ്വത്തുവകകളാണ് നായിഡുവിന് ഉള്ളത്. രണ്ടാംസ്ഥാനത്ത് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ്. 332 കോടി രൂപയുടെ സ്വത്താണ് ഖണ്ഡുവിനുള്ളത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് മൂന്നാം സ്ഥാനത്ത്. 51 കോടി രൂപയുടെ സമ്പാദ്യം ഇദ്ദേഹത്തിനുണ്ട്.
അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് ആണ് റിപ്പോർട്ട് പുറത്തു വിട്ടത്. ഏറ്റവും കുറവ് ആസ്തിയുള്ളത് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കാണ്.15 ലക്ഷവും 38000 രൂപയുമാണ് മമതയുടെ ആകെ സ്വത്ത്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയാണ് തൊട്ടുപിന്നിൽ. 55.24 ലക്ഷമാണ് അബ്ദുല്ലയുടെ ആസ്തി. ഏറ്റവും കുറവ് സ്വത്തുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ പിണറായി വിജയന് മൂന്നാം സ്ഥാനത്താണ്. 1.18 കോടി രൂപയാണ് പിണറായി വിജയന്റെ ആസ്തി.
ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരുടെയും കൂടി ആകെ ആസ്തി 1630 കോടി രൂപയാണ്. മുഖ്യമന്ത്രിമാരിൽ രണ്ടുപേർ ശതകോടീശ്വരന്മാരാണ്. ക്രിമിനല്‍ കേസുകളുടെ എണ്ണവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 89 ക്രിമിനല്‍ കേസുകളാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കുള്ളത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് 47 കേസുകളുണ്ട്. പിണറായി വിജയനെതിരെ രണ്ട് ക്രിമിനല്‍ കേസുകളാണുള്ളത്. ഏറ്റവും കുറവ് ക്രിമിനല്‍ കേസുകള്‍ ഉള്ളവരുടെ കൂട്ടത്തില്‍ ഡല്‍ഹി, പഞ്ചാബ്, ഒഡീഷ മുഖ്യമന്ത്രിമാർ ഉൾപ്പെടുന്നു.