തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളും കണ്ടെത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 60 ശതമാനത്തിനലധികം വൈകല്യം ബാധിച്ചവര്‍ക്ക് 75000 രൂപ നല്‍കും. സാധാരണ കൊടുക്കുന്നതിന് പുറമെയാണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കൊടുക്കുന്ന തുകയാണിത്. 40-60 ശതമാനം വൈകല്യത്തിന് 50,000രൂപ നല്‍കുമെന്നും ഗുരുതര പരിക്കിന് 50,000 രൂപ അധികം അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മേപ്പാടിയില്‍ നിന്നും 151 മൃതദേഹവും നിലമ്പൂരില്‍ 80 മൃതദേഹവും കണ്ടേത്തി. 39 ശരീരഭാഗം മേപ്പാടിയിലും നിലമ്പൂരില്‍ 172 ശരീരഭാഗവും കണ്ടെുത്തു. ഇതുവരെ ലഭിച്ച എല്ലാ ശരീരഭാഗത്തിന്റേയും മൃതദേഹത്തിന്റേയും പോസ്റ്റ് മോര്‍ട്ടം നടത്തി. തിരിച്ചറിഞ്ഞ 178 മൃതദേഹവും 2 ശരീരഭാഗവും ബന്ധുക്കള്‍ക്ക് കൈമാറിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.വിവിധ സ്ഥാപനങ്ങളില്‍നിന്നും പുതിയ രേഖകളോ ഡ്യൂപ്ലിക്കേറ്റോ നല്കുമ്പോള് യാതോരു ഫീസും വാങ്ങാന്‍ പാടില്ലെന്നും നിര്‍ദേശിച്ചു.