


ആലപ്പുഴ : ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം നാളെ. ഭഗവതിയുടെ ഇഷ്ടവഴിപാടായ കുത്തിയോട്ടങ്ങളും വിശ്വോത്തര കെട്ടുകാഴ്ചകളും നാളെ ഭഗവതിക്ക് മുന്നില്‍ സമര്‍പ്പിക്കും.
16 കുടുംബങ്ങളില്‍ നിന്നെത്തുന്ന കുത്തിയോട്ട വഴിപാടുകാര്‍ രാവിലെ ഏഴ് മുതല്‍ ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിച്ചേരും. താലപ്പൊലി, വാദ്യമേളങ്ങള്‍, കരകം തുടങ്ങിയവ ഘോഷയാത്രയ്ക്ക് അകമ്പടിയായി ഉണ്ടാവും. ദേവിയുടെ തിരുനടയില്‍ കുത്തിയോട്ട ബാലന്മാര് നാലുപാദം ചുവടുവയ്ക്കും. തുടര്‍ന്ന്, വഴിപാടുകാരുടെ സാന്നിധ്യത്തില്‍ കുത്തിയോട്ട സമര്‍പ്പണം. കുത്തിയോട്ട വരവുകള്‍ 12 മണിയോടെ സമാപിക്കും.
ഉച്ചയ്ക്ക് ശേഷമാണ് 13 കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകളുടെ വരവ്. ഈരേഴതെക്ക് (കുതിര), ഈരേഴവടക്ക് (കുതിര), കൈത തെക്ക് (കുതിര), കൈതവടക്ക് (കുതിര), കണ്ണമംഗലം തെക്ക് (തേര്), കണ്ണമംഗലം വടക്ക് (തേര്), പേള (കുതിര), കടവൂര്‍ (തേര്), ആഞ്ഞിലിപ്ര (തേര്), മറ്റം വടക്ക് (ഭീമസേനന്), മറ്റം തെക്ക് (പാഞ്ചാലിസമേതനായ ഹനുമാന്), മേനാമ്പള്ളി (തേര്), നടയ്ക്കാവ് (കുതിര) കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകളാണ് ക്ഷേത്രത്തിലേക്കെത്തുന്നത്.