ചെന്നൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അപരാജിത കുതിപ്പിന് വിരാമമിട്ട് ചെന്നൈ സൂപ്പർ കിങ്സ്. 7 വിക്കറ്റിനാണ് ചെപ്പോക്കിൽ ഋതുരാജും സംഘവും വിജയിച്ചത്. രണ്ട് മത്സരങ്ങളിലെ പരാജയത്തിന് ശേഷമുള്ള വിജയമാണ് ചെന്നൈയുടേത്. രവീന്ദ്ര ജഡേജയുടെയും തുഷാർ ദേശ്പാണ്ഡെയുടെയും ബൗളിംഗും നായകൻ ഋതുരാജ് ഗെയ്ക്വാദിന്റെ ബാറ്റിങ്ങും ചേർന്നപ്പോൾ 17ാം ഓവറിൽ ചെന്നൈ ലക്ഷ്യം കണ്ടും. 58 പന്തിൽ പുറത്താകാതെ 67 റൺസെടുത്ത ഋതുരാജ് ഗെയ്ക്വാദ് തന്നെയാണ് ചെന്നൈയുടെ ടോപ് സ്കോറർ. സ്കോർ: കൊൽക്കത്ത: 137/9, ചെന്നൈ: 141/3. ഈ സീസണിൽ കൊൽക്കത്തയുടെ ആദ്യ തോൽവിയാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ആദ്യത്തെ ബോളിൽ തന്നെ ഓപ്പണർ ഫിലിപ് സാൽട്ടിനെ നഷ്ടമായി. സുനിൽ നരൈയ്നും അംഗ്ക്രിഷ് രഘുവംശിയും ചേർന്ന് സ്കോർ ബോർഡ് ചലിപ്പിച്ചെങ്കിലും പിന്നീടുള്ളവർ നിരാശപ്പെടുത്തി. വെങ്കിടേഷ് അയ്യർ (8 പന്തിൽ 3), രമൺദീപ് സിങ് (12 പന്തിൽ 13), റിങ്കു സിങ് (14 പന്തിൽ 9), ആന്ദ്രേ റസൽ (10 പന്തിൽ 10) എന്നിവർ അതിവേഗം പുറത്തായി. ഒരുവശത്ത് ക്യാപ്റ്റൻ ശ്രേയസ് അയ്യർ പതിയെ നിലയുറപ്പിച്ചെങ്കിൽ കൂട്ടായെത്തിയവർ ഒന്നൊന്നായി തിരികെ കയറിയതോടെ കൊൽക്കത്തയ്ക്ക് തിരിച്ചടി നേരിട്ടു.
137 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് മൂന്നാം ഓവറിൽ രചിൻ രവീന്ദ്ര(8 പന്തിൽ 15) യെ നഷ്ടമായെങ്കിലും ഗെയ്ക്വാദും ഡാരിൽ മിച്ചലും ചേർന്ന് റൺ ഉയർത്തി. പിന്നീടെത്തിയ ശിവം ദുബെ ഗെയ്ക്വാദിന് മികച്ച പിന്തുണ നൽകിയതോടെ ചെന്നൈയുടെ വിജയം അനായാസമായി. കൊൽക്കത്തയ്ക്കു വേണ്ടി വൈഭവ് അറോറ രണ്ട് വിക്കറ്റും സുനിൽ നരെയ്ൻ ഒരു വിക്കറ്റും വീഴ്ത്തി.