ചെന്നൈ: ഐപിഎൽ 17–ാം സീസണിൽ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സിന്റെ മുന്നേറ്റം. ഗുജറാത്ത് ടൈറ്റൻസിനെതിരെ 63 റൺസിന്റെ ആധികാരിക ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസിന്റെ ഇന്നിങ്സ് 143ൽ അവസാനിച്ചു. ജയത്തോടെ സിഎസ്കെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. സ്കോർ: ചെന്നൈ– 20 ഓവറിൽ 6ന് 206, ഗുജറാത്ത്– 20 ഓവറിൽ 8ന് 143.
ആദ്യ ഓവറുകളിൽ രചിൻ രവീന്ദ്ര തുടങ്ങിവച്ച വെടിക്കെട്ട് അവസാന ഓവറുകളിൽ ശിവം ദുബെ ഏറ്റെടുത്തതോടെയാണ് ടൈറ്റൻസിനു മുന്നിൽ ചെന്നൈ കൂറ്റൻ വിജയലക്ഷ്യമുയർത്തിയത്. അർധ സെഞ്ചറി നേടിയ ദുബെയാണ് (23 പന്തിൽ 51) ചെന്നൈയുടെ ടോപ് സ്കോറർ. അജിങ്ക്യ രഹാനെ ഒഴികെയുള്ള ബാറ്റർമാർ താളം കണ്ടെത്തിയതോടെ ടൈറ്റൻസ് ബോളർമാർ അമ്പേ പരാജയപ്പെട്ടു.
മറുപടി ബാറ്റിങ്ങിൽ ടൈറ്റൻസിന്റെ ഇന്നിങ്സിന് ശുഭകരമായ തുടക്കമല്ല ലഭിച്ചത്. പവർ പ്ലേയിൽ തന്നെ നായകൻ ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, വിജയ് ശങ്കർ എന്നിവരെ ചെന്നൈ ബോളർമാർ കൂടാരം കയറ്റി. പ്രോട്ടീസ് താരം ഡേവിഡ് മില്ലറും (21) ഇംപാക്ട് പ്ലെയറായി എത്തിയ സായ് സുദർശൻ (37) കൂടി പുറത്തായതോടെ ഗുജറാത്തിന്റെ പ്രതീക്ഷകൾ ചുരുങ്ങി. അസ്മത്തുല്ല ഒമർസായ് (11), റാഷിദ് ഖാൻ (1), രാഹുൽ തെവാത്തിയ (6), ഉമേഷ് യാദവ് (10), സ്പെൻസർ ജോൺസൻ (5) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ചെന്നൈക്കു വേണ്ടി ദീപക് ചാഹർ, മുസ്തഫിസുർ റഹ്മാൻ, തുഷാർ ദേശ്പാണ്ഡെ എന്നിവർ രണ്ടു വീതം വിക്കറ്റ് പിഴുതു.