മുംബൈ: വാങ്കഡേയിൽ ടോസ് കിട്ടിയപ്പോൾ മുംബൈ ഒന്ന് ചിരിച്ചു, ചെന്നൈയുടെ ബാറ്റിങ്ങ് അവസാനിച്ചപ്പോഴും വിജയ പ്രതീക്ഷ, പക്ഷേ മതീഷ് പതിരാനയെന്ന ശ്രീലങ്കൻ ഫാസ്റ്റ് ബൗളറുടെ നിറഞ്ഞാട്ടത്തിൽ ദൈവത്തിന്റെ പോരാളികൾക്ക് പരാജയം രുചിക്കാനായിരുന്നു വിധി. ഐപിഎല്ലിലെ ‘എൽ ക്ലാസിക്കോ’ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 20 റൺസ് ജയം; ചെന്നൈ ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ ഇന്നിങ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസിൽ അവസാനിച്ചു. മുൻ ക്യാപ്റ്റൻ രോഹിത് ശർമ (63 പന്തിൽ 105) സെഞ്ച്വറിയോടെ പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആരുമില്ലാത്തതിനാൽ തോൽവി വഴങ്ങേണ്ടി വന്നു. നാല് വിക്കറ്റ് വീഴ്ത്തിയ മതീഷ് പതിരാനയാണ് കളിയിലെ താരം. നേരത്തെ, ചെന്നൈയ്ക്കായി അവസാന ഓവറിൽ ഹാട്രിക് സിക്സടക്കം നാല് പന്തിൽ 20 റൺസ് നേടിയ മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയാണ് സ്കോർ 200 കടത്തിയത്.
അർധസെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് (40 പന്തിൽ 69), ശിവം ദുബെ (38 പന്തിൽ 66) എന്നിവരുടെ ബാറ്റിങ്ങാണ് ചെന്നൈയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ രോഹിത് ശർമയും ഇഷാൻ കിഷാനും (15 പന്തിൽ 23) ചേർന്ന് മികച്ച തുടക്കം മുംബൈയ്ക്ക് നൽകി. കിഷാനും സൂര്യകുമാർ യാദവും ഒരോവറിൽ പുറത്തായതോടെ കളി മാറി. തിലക് വർമ (20 പന്തിൽ 31), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (6 പന്തിൽ 2), ടിം ഡേവിഡ് (5 പന്തിൽ 13), റൊമാരിയോ ഷെപ്പേർഡ് (2 പന്തിൽ 1), മുഹമ്മദ് നബി ( 7 പന്തിൽ 4) എന്നിങ്ങനെയാണ് മറ്റു മുംബൈ ബാറ്റർമാരുടെ സ്കോറുകൾ. അവസാനം വരെ ക്രീസിൽ ഉറച്ചുനിന്ന രോഹിത് സെഞ്ച്വറി പൂർത്തിയാക്കിയെങ്കിലും മുംബൈയെ വിജയത്തിലെത്തിക്കാനായില്ല. ചെന്നൈയ്ക്കായി തുഷാർ ദേശ്പാണ്ഡെ, മുസ്തഫിസുർ റഹ്മാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.