കൊച്ചി : പറവൂർ ചേന്ദമംഗലം കൂട്ടക്കൊലക്കേസിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. ഋതുവിന് മാനസിക വിഭ്രാന്തിയില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. ആക്രമണം നടക്കുന്ന സമയത്ത് ഋതു ലഹരി ഉപയോഗിച്ചിട്ടില്ലെന്ന സൂചനയും കുറ്റപത്രത്തിലുണ്ട്. നൂറിലധികം സാക്ഷികളും അമ്പതോളം അനുബന്ധ തെളിവുകളും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം ഒരു മാസത്തിനകം തയ്യാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഋതു (27) എന്ന യുവാവ് അയല്‍വീട്ടില്‍ അതിക്രമിച്ചു കയറി മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയത്. കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരെയാണ് പ്രതി തലയ്ക്കടിച്ച് കൊന്നത്. പരിക്കേറ്റ വിനിഷയുടെ ഭര്‍ത്താവ് ജിതിന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.
ക്രൂരകൃത്യത്തിന് ശേഷം പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളിൽ പ്രതിയുമാണ് ഋതു ജയൻ. 2021 മുതൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലുമാണ്. തന്നെയും വീട്ടുകാരേയും കളിയാക്കിയതിനെ തുടർന്നാണ് താൻ ആക്രമണത്തിനു മുതിർന്നത് എന്നാണ് പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്.