കൊച്ചി: മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർ.ഡി.എക്സ് സിനിമ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാണ് തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമിന്റെ പരാതി.ആര്‍ഡിഎക്സ് സിനിമ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് പരാതി.
സിനിമക്കായി 6 കോടി രൂപ നൽകിയെന്ന് പരാതിക്കാരി പറയുന്നു. 30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം. സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് ആര്‍ഡിഎക്സ്. ഷെയ്ൻ നിഗം, ആൻ്റണി വർഗീസ്, നീരജ് മാധവ് എന്നിവർക്കൊപ്പം ബാബു ആൻ്റണി, ലാൽ, മഹിമ നമ്പ്യാർ, ഐമ റോസ്മി സെബാസ്റ്റ്യൻ, മാലാ പാർവതി, ബൈജു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആക്ഷൻ ത്രില്ലർ ഗണത്തില്‍ പെടുന്ന ചിത്രം മികച്ച വിജയമായിരുന്നു.