ന്യൂഡൽഹി : ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ നടത്തിയ അതിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഡൽഹി പൊലീസ് റൗസ്അവന്യൂ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ . എൺപതോളം സാക്ഷിമൊഴികളും കോൾവിവരങ്ങളും കുറ്റപത്രത്തിലുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്.
ബ്രിജ്ഭൂഷൺ ഗുസ്തി താരങ്ങൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയത് 22 പേർ സ്ഥിരീകരിച്ചു. ഇവരിൽ ഗുസ്തി താരങ്ങൾ, അന്താരാഷ്ട്ര റഫറിമാർ, ഫിസിയോമാർ, കോച്ചുമാർ തുടങ്ങിയവരാണുള്ളത്.പ്രായപൂർത്തിയായ ആറ് താരങ്ങളുടെ പരാതികളിൽ നാലുപേരുടെ പരാതിക്കൊപ്പമാണ് വീഡിയോ തെളിവുള്ളത്. കുറ്റപത്രത്തിൽ കഴിഞ്ഞ ഒരു വർഷത്തെ കോൾ വിവരങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മുൻവർഷങ്ങളിലേത് ലഭ്യമല്ലെന്നാണ് പൊലീസ് ഭാഷ്യം.വിവിധ ടൂർണമെന്റുകൾ, ഫോട്ടോസെഷനുകൾ, ഓഫീസ് തുടങ്ങിയ ഇടങ്ങളിൽവച്ച് ബ്രിജ്ഭൂഷൺ ലൈംഗികാതിക്രമം നടത്തിയെന്ന് താരങ്ങൾ രഹസ്യമൊഴി നൽകിയിരുന്നു. ഇത് ശരിവയ്ക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളുമാണ് കുറ്റപത്രത്തിലുമുള്ളത്. പൊലീസ് ആവശ്യപ്പെട്ടപ്രകാരമാണ് ജൂൺ ആറിന് നാല് താരങ്ങൾ ഈ തെളിവുകൾ കൈമാറിയത്.
അതിനിടെ സമരം ചെയ്ത താരങ്ങൾക്കു പരിശീലനത്തിനു വേണ്ടത്ര സമയം ലഭിക്കാത്തതിനാൽ ഏഷ്യൻ ഗെയിംസിലേക്കുള്ള യോഗ്യതാമത്സരങ്ങൾ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ഒളിന്പിക്സ് അസോസിയേഷൻ സംഘാടകർക്ക് കത്തയച്ചു. താരങ്ങൾ വീണ്ടും സമരം പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു നടപടി.ഒളിന്പിക് കൗണ്സിൽ ഓഫ് ഏഷ്യക്കാണ് ഇന്ത്യൻ ഒളിന്പിക്സ് അസോസിയേഷൻ കത്തയച്ചിരിക്കുന്നത്. ഈ മാസം നടത്താനിരുന്ന ഏഷ്യൻ ഗെയിംസിനും ലോക ചാന്പ്യൻഷിപ്പിനും മുന്നോടിയായുള്ള ഗുസ്തി യോഗ്യതാമത്സരങ്ങൾ ഓഗസ്റ്റിലേക്കു മാറ്റണമെന്നാണ് അഭ്യർത്ഥന. അടുത്ത വർഷം നടക്കാനിരിക്കുന്ന പാരീസ് ഒളിന്പിക്സിന്റെ മുന്നൊരുക്കം കൂടിയാണിത്.സമരം ചെയ്ത ആറു താരങ്ങൾക്ക് പരിശീലനത്തിനു വേണ്ടത്ര സമയം ലഭിക്കാത്തതിനാൽ പ്രത്യേകമായി അഭ്യർത്ഥന പരിഗണിക്കണമെന്നാണാവശ്യം. ഏഷ്യാഡ് ട്രയൽസ് നടത്തുന്നത് നീട്ടിവയ്ക്കണമെന്നു നേരത്തെ കേന്ദ്രമന്ത്രിയുമായി നടത്തിയ ചർച്ചയിലും താരങ്ങൾ ആവശ്യപ്പെട്ടിരുന്നു.