ന്യൂഡല്‍ഹി: വായ്പാനടപടിക്രമം പുനഃപരിശോധിക്കാന്‍ ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. പലിശ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകള്‍ കടന്നുവരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വായ്പാത്തുക ഉപയോക്താവിന്റെ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന തീയതിക്ക് പകരം വായ്പ അനുവദിക്കുന്ന എഗ്രിമെന്റില്‍ ഒപ്പിടുന്ന തീയതി മുതല്‍ തന്നെ പലിശ ഈടാക്കുന്നത് അടക്കമുള്ള തെറ്റായ പ്രവണതകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍. ഇനി മുതല്‍ വായ്പ ഉപയോക്താവിന്റെ കൈയില്‍ കിട്ടിയ ശേഷം പലിശ ഈടാക്കിയാല്‍ മതി. ചെക്കായി വായ്പാത്തുക നല്കുന്ന കാര്യത്തിലും ഇത് പാലിക്കണം. ചെക്ക് ഇഷ്യു ചെയ്ത തീയതി മുതല്‍ പലിശ ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് നിര്‍ദേശം. പല കേസുകളിലും ചെക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് ഉപയോക്താവിന് കൈയില്‍ കിട്ടുന്നത്.
വായ്പാ കുടിശികയുള്ള കാലയളവിലേക്ക് മാത്രം പലിശ ഈടാക്കുന്നതിന് പകരം മുഴുവന്‍ മാസത്തിനും പലിശ ഈടാക്കുന്നതും ശരിയല്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. ഉപയോക്താക്കളില്‍ നിന്ന്് അഡ്വാന്‍സായി ഒന്നിലേറെ വായ്പാതിരിച്ചടവ് ഗഡുക്കള്‍ ധനകാര്യസ്ഥാപനങ്ങള്‍ വാങ്ങുമെങ്കിലും മൊത്തം വായ്പാത്തുകയ്ക്കാണ് പലിശ കണക്കുകൂട്ടാറുള്ളത്. ഇതും അടിയന്തരമായി അവസാനിപ്പിക്കണമെന്നും ആര്‍ബിഐയുടെ നിര്‍ദേശത്തില്‍ പറയുന്നു.