കോട്ടയം: ഉമ്മൻചാണ്ടിയുടെ കല്ലറയിൽ നാമനിർദേശ പത്രിക വച്ച് പ്രാർത്ഥിച്ച് മകനും പുതുപ്പള്ളിയിലെ യു ഡി എഫ് സ്ഥാനാർത്ഥിയുമായ ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. മാതാവ് മറിയാമ്മ ഉമ്മന്റെ അനുഗ്രഹം വാങ്ങിയ ശേഷമാണ് പുതുപ്പള്ളി പള്ളിയിലേയ്ക്ക് പോയത്.
അവിടെ പ്രാർത്ഥനകളിൽ പങ്കെടുത്ത ശേഷമാണ് നാമനിർദേശ പത്രിക സമർപ്പിക്കാൻ പോയത്. കല്ലറയിൽ നാമനിർദേശ പത്രിക വച്ച് പ്രാർത്ഥിക്കുന്നതിന്റെ ചിത്രങ്ങൾ ചാണ്ടി ഉമ്മൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ‘അപ്പയുടെ അനുഗ്രഹം വാങ്ങി നാമനിർദ്ദേശ പത്രിക സമർപ്പിയ്ക്കുന്നതിനായി മുന്നോട്ട്..’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
പാമ്പാടി ഇലക്ഷൻ കമ്മിറ്റി ഓഫീസ് സന്ദർശിച്ച ശേഷം, പള്ളിക്കത്തോട്ടിലുള്ള പാമ്പാടി ബിഡിഒ ഓഫീസിൽ നാമനിർദേശ പത്രിക സമർപ്പിക്കും. ചാണ്ടി ഉമ്മന് കെട്ടി വയ്ക്കാനുള്ള 10,001 രൂപ നൽകിയത് ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായ സി ഒ ടി നസീറിന്റെ ഉമ്മയാണ്.
പുതുപ്പള്ളിയിൽ സ്ഥാനാർത്ഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം ഇന്നാണ്. എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് ഇന്നലെ നാമനിർദ്ദേശ പത്രിക നൽകിയിരുന്നു. എൻ ഡി എ സ്ഥാനാർത്ഥി ലിജിൻ ലാലും ഇന്ന് നാമനിർദ്ദേശ പത്രിക നൽകും.