മുംബയ് : ചന്ദ്രയാൻ 3 ദൗത്യവുമായി ബന്ധപ്പെട്ട് ഒരാൾ ചായ അടക്കുന്നതിന്റെ കാർട്ടൂൺ ചിത്രം പങ്കുവച്ച സംഭവത്തിൽ നടൻ പ്രകാശ് രാജിനെതിരെ കേസെടുത്തു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ബനഹട്ടി പൊലീസാണ് കേസെടുത്തത്. നടനെതിരെ ഹിന്ദു സംഘടനയിലെ ചില നേതാക്കളാണ് പരാതി നൽകിയതെന്നാണ് റിപ്പോർട്ടുകൾ.
‘ ബ്രേക്കിംഗ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽ നിന്നുള്ള ആദ്യ ചിത്രം, വൗ’ എന്നായിരുന്നു ഒരാൾ ചായ അടിക്കുന്ന ചിത്രത്തിനൊപ്പം പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. ജസ്റ്റ് ആസ്കിംഗ് എന്ന ഹാഷ്ടാഗും നൽകിയിരുന്നു. ചന്ദ്രയാൻ 3 എന്നത് ഇന്ത്യയുടെ അഭിമാനമാണ് അല്ലാതെ ഇത് ബി ജെ പിയുടെ മിഷൻ അല്ലെന്നും പറഞ്ഞുകൊണ്ട് നടനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ചന്ദ്രനിലും മലയാളി ചായ അടിക്കുന്നുണ്ടാകും എന്ന തമാശയാണ് ഉദ്ദേശിച്ചതെന്നും ട്രോളുന്നവർ ഏത് ചായ്വാലയെ ആണ് കാണുന്നതെന്ന് തനിക്കറിയില്ലെന്നുമായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.