ബംഗളൂരു : ചന്ദ്രയാന്റെ 3ന്റെ വിജയ ശിൽപികളായ ശാസ്ത്രജ്ഞരെ നേരിൽ കണ്ടു അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗളൂരുവിൽ എത്തി. ഗ്രീസ് സന്ദര്‍ശനം പൂർത്തിയാണിയ ശേഷമാണ് മോദി ബംഗളൂരുവിൽ എത്തിയത്. ബംഗളൂരുവിലെ എച്ച്എഎൽ വിമാനത്താവളത്തിലാണ് അദ്ദേഹം വന്നിറങ്ങിയത്.
ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രം പ്രധാനമന്ത്രി രാവിലെ സന്ദർശിക്കും. ചന്ദ്രയാന്‍ കണ്ട്രോള് സ്റ്റേഷനിലെത്തുന്ന അദ്ദേഹം ചന്ദ്രയാന്‍ മൂന്ന് ദൗത്യം വിജയകരമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒ സംഘത്തെ അഭിനന്ദിക്കും. ശാസ്ത്രജ്ഞരെ കാണാൻ കാത്തിരിക്കുകയാണെന്ന് മോദി ട്വീറ്റ് ചെയ്തു.
ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിംഗ് വേളയിൽ വിദേശ പര്യടനത്തിലായതിനാൽ പ്രധാനമന്ത്രി എത്താനായിരുന്നില്ല. പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ എത്തിയ സമയത്തായിരുന്നു ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിംഗ്.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് തത്സമയം ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് വീക്ഷിച്ച മോദി ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചിരുന്നു.