അമരാവതി: മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് ഇന്ന് ആന്ധ്രപ്രദേശിൽ ബന്ദ്. നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പാർട്ടി പ്രവർത്തകരും ജനങ്ങളും പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് ആന്ധ്രപ്രദേശ് ടിഡിപി പ്രസിഡന്റ് കെ. അച്ചൻനായിഡു പ്രസ്താവനയിൽ അഭ്യർഥിച്ചു. ചന്ദ്രബാബു നായിഡുവിന്റെ നിയമവിരുദ്ധമായ അറസ്റ്റ്, പാർട്ടി കേഡർമാർക്കെതിരായ അതിക്രമങ്ങൾ, പ്രതികാര രാഷ്ട്രീയം എന്നിവയ്ക്കെതിരെയാണ് പ്രതിഷേധമെന്ന് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.
ആന്ധ്രപ്രദേശ് സ്കിൽ ഡെവലപ്മെന്റ് കോർപറേഷന്റെ മറവിൽ നടന്ന 550 കോടി രൂപയുടെ അഴിമതിക്കേസിലാണ് നായിഡുവിനെ നന്ത്യാൽ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ നായിഡുവിനെ 14 ദിവസം റിമാൻഡ് ചെയ്തു. വിജയവാഡ എസിബി (അഴിമതി വിരുദ്ധ ബ്യൂറോ) കോടതിയുടേതാണ് വിധി. ഇതോടെ ശനിയാഴ്ച പുലർച്ചെ അറസ്റ്റിലായ നായിഡു ഈ മാസം 23 വരെ ജയിലിൽ തുടരും. നേരത്തെ പൊലീസ് നായിഡുവിനെ 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഗൂഢാലോചനയിൽ നായിഡുവിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.
നന്ത്യാലിൽ ഗുണപുരത്തുള്ള ആർകെ ഫംഗ്ഷൻ ഹാളിൽനിന്ന് ഇന്നലെ രാവിലെ ആറോടെയാണ് മുൻ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത്. പൊലീസിനെ തടയാൻ തെലുങ്കുദേശം പ്രവർത്തകർ ശ്രമിച്ചത് നാടകീയ സംഭവങ്ങൾക്കു വഴിതെളിച്ചു. കൂടുതൽ പൊലീസ് എത്തിയാണ് നായിഡുവിനെ വാഹനത്തിൽ സിഐഡി ഓഫീസിലേക്കു കൊണ്ടുപോയത്.