തിരുവനന്തപുരം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ചാണ്ടി ഉമ്മൻ നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്ന തിങ്കളാഴ്ച എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും. ശൂന്യവേളയുടെ തുടക്കമായ രാവിലെ 10നു ചാണ്ടി ഉമ്മൻ സത്യപ്രതിജഞ ചെയ്യും.
പുതുപ്പള്ളിയിൽ 37,719 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചാണ് ചാണ്ടി ഉമ്മൻ നിയമസഭയിലെത്തുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു പ്രഖ്യാപനത്തെ തുടർന്നു മാറ്റിവച്ച നിയമസഭാ സമ്മേളനം 11നു പുനരാരംഭിക്കും. 14വരെയാണു നിയമസഭ ചേരുക.
ചാണ്ടി ഉമ്മൻ കോൺഗ്രസിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ജയമാണ് നേടിയത്. 183 ബൂത്തുകളിൽ 182 ഇടത്തും ചാണ്ടി ഉമ്മൻ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിനെ മറികടന്നു. ചാണ്ടി ഉമ്മൻ 80,144 വോട്ടും ജെയ്ക് സി.തോമസ് 42,425 വോട്ടും നേടി. 11,694 വോട്ടുകൾ 2021-ൽ നേടിയ ബിജെപി ഇത്തവണ വെറും 5,564 വോട്ടുകളിലേക്ക് ചുരുങ്ങി.
ആം ആദ്മി പാർട്ടിയുടെ ലൂക്ക് തോമസ് വെറും 637 വോട്ടുകളുമായി പരിഹാസ്യനായി. അരിക്കൊമ്പന് വേണ്ടി മത്സരിച്ച പി.കെ. ദേവദാസ് 59 വോട്ടുകളാണ് നേടിയത്.