കോട്ടയം : ചരിത്ര റെക്കോര്‍ഡ് സൃഷ്ടിച്ച് പുതുപ്പള്ളി മണ്ഡലം ഇനി ചാണ്ടി ഉമ്മന്റെ കൈകളില്‍. 2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തെയും മറികടന്ന് 40,478 വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്റെ വിജയക്കുതിപ്പ്. ഒസിക്ക് പകരക്കാരനായി, പിന്മാഗിയായി ഇനി പുതുപ്പള്ളി മണ്ഡലത്തെ ചാണ്ടി ഉമ്മന്‍ നയിക്കും. യുഡിഎഫ്-71,700, എല്‍ഡിഎഫ്-32,401, എന്‍ഡിഎ-4321 എന്നിങ്ങനെയാണ് വോട്ട്നില .
എതിര് സ്ഥാനാര്‍ഥി ഇടതിന്റെ ജെയ്ക് സി. തോമസ് നേടിയതിനേക്കാള്‍ ഇരട്ടിയിലധികം വോട്ടുകള്‍ കൺടി ഉമ്മൻ സ്വന്തമാക്കി. ഉമ്മന്‍ ചാണ്ടി അവസാനമായി മത്സരിച്ച 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 9044 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ ജയം. എന്നാല്‍ വോട്ടെണ്ണല്‍ നാലാം റൗണ്ടിലേക്ക് കടന്നപ്പോള്‍ തന്നെ ചാണ്ടി ഉമ്മന്റെ ലീഡ് പതിനായിരം കടന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ രണ്ട് റൗണ്ടുകളുടെ ഫലം പുറത്തുവന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രിക്ക് ലഭിച്ചത് 2074 വോട്ടുകളുടെ ലീഡ് ആയിരുന്നു. അതേസമയം ചാണ്ടി ഉമ്മന്‍ ലഭിച്ചത് 10218 വോട്ടുകളും.
പുതുപ്പള്ളിയില്‍ മൂന്നാം അങ്കത്തിന് ഇറങ്ങിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെ ഇത്തവണയും പുതുപ്പള്ളിക്കാര്‍ കൈവിട്ടു. 2016ല്‍ 44,505 വോട്ടുകളും 2021ല്‍ 54,328 വോട്ടുകളും ലഭിച്ച ജെയ്കിന് ഇത്തവണ 40000 പോലും എത്തിക്കാനായില്ല. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 4321 വോട്ടിന് മൂന്നാം സ്ഥാനത്താണ്. വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നേകാല്‍ മണിക്കൂറിന് ശേഷമാണ് ലിജിന്‍ ലാല്‍ ആയിരം വോട്ടുകളിലേക്കെങ്കിലും എത്തിയത്. 2021ലെ 11,694 വോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണത്തെ വോട്ട്ശതമാനത്തില്‍ വലിയ ഇടിവാണുണ്ടായിരിക്കുന്നത്.
വോട്ടെണ്ണല്‍ ആദ്യം തുടങ്ങിയ അയര്‍ക്കുന്നം പഞ്ചാത്ത് മുതല്‍ അവസാനത്തെ വാകത്താനംവരെ ചാണ്ടി വ്യക്തമായി മുന്നില്‍ നിന്നു. അകലക്കുന്നവും, കൂരോപ്പടയും മണര്‍കാട് പഞ്ചായത്തും ചാണ്ടി ഉമ്മന്‍ വലിയ പിന്തുണ നല്കി. പുതുപ്പള്ളിയും വാകത്താനവും വലിയ പിന്തുണയാണ് അദ്ദേഹത്തിന് നല്‍കിയത്.
ആദ്യഘട്ടം മുതല്‍ ചാണ്ടി ഉമ്മന്‍ വ്യക്തമായ ലീഡ് ഉയര്‍ത്തിയിരുന്നു. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ഒരു ഘട്ടത്തിലും ഇടത് സ്ഥാനാര്‍ഥി ജെയ്കിന് ലീഡ് പിടിക്കാനായില്ല. 2021ലെ തെരഞ്ഞെടുപ്പില്‍ ജെയ്കിന് പിന്തുണ നല്കിയ പഞ്ചായത്തുകളില്‍ പോലും ഇക്കുറി ചാണ്ടി ഉമ്മന്‍ വന്‍ ഭൂരിപക്ഷം നേടാന്‍ സാധിച്ചു. ജെയ്കിന്റെ വീട് സ്ഥിതി ചെയ്യുന്ന മണര്‍കാട് പഞ്ചായത്തില്‍ പോലും എല്‍ഡിഎഫിന് ദയനീയമായ പരാജയമാണ് നേരിട്ടിരിക്കുന്നത്.