കൊച്ചി: ആലുവയില്‍ കാണാതായ അഞ്ചുവയസുകാരി ചാന്ദിനിയുടെ കൊലപാതകം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്ന് ഡിഐജി ശ്രീനിവാസ്. ആലുവ റൂറല്‍ എസ്പിയും ആലുവ ഡിവൈഎസ്പിയും ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരിക്കും ടീമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ കേസ് പ്രാഥമിക ഘട്ടത്തിലാണെന്നും കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുമ്പോള്‍ ബാക്കി വിവരങ്ങള്‍ പുറത്തുവരുമെന്നും ശ്രീനിവാസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് ചാന്ദ്നിയുടെ അമ്മ അഞ്ചുവയസുള്ള മകളെ കാണാനില്ലെന്ന പരാതിയുമായി ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സംശയം ഉണ്ടായതിനാല്‍ പൊലീസ് ഉടനടി ഒരുഭാഗത്ത് അന്വേഷണം ആരംഭിക്കുകയും മറുഭാഗത്ത് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. രാത്രയില്ത്തന്നെ രണ്ടുമൂന്ന് ദൃസാക്ഷികളില്‍ നിന്നും ചില വിവരം കിട്ടി. ഇതു പ്രകാരം നടത്തിയ പരിശോധനയില്‍ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം വൈകുന്നേരം മൂന്നിനൂം അഞ്ചിനും ഇടയിൽ ഒരാള്‍ കുട്ടിയുമായി പോകുന്നതായി കണ്ടു
ആ വ്യക്തിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വെെകാതെ ബീഹാർ സ്വദേശി അസ്ഫാക്ക് പിടിയിലാവുകയും ചെയ്തു. രാത്രിതന്നെ ഇയാളെ ചോദ്യം ചെയ്തെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല. ഇയാള്‍ മദ്യലഹരിയിലായിരുന്നു. രാവിലെ എസ്പി നേരിട്ടെത്തിയാണ് അസ്ഫാക്കിനെ ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. പ്രതി തന്നെയാണ് മൃതദേഹം മറച്ച ഇടം പൊലീസിന് കാട്ടിക്കൊടുത്തത്. മൃതദേഹം ഒടിച്ചു ചാക്കില്‍ കെട്ടിയശേഷം ചെളിയില്‍ താഴ്ത്തുകയായിരുന്നു. നാലു കല്ലുകളും മാലിന്യ കൂമ്പാരവും മൃതശരീരത്തിന്റെ മുകളിലായി ഇയാള്‍ നിക്ഷേപിച്ചിരുന്നു. മൃതദേഹത്തില്‍ പരിക്കുകള്‍ ഉണ്ടെന്ന് ശ്രീനിവാസ് പറഞ്ഞു. വെള്ളിയാഴ്ച തന്നെ തട്ടിക്കൊണ്ടുപോകല്‍ പ്രകാരം, ഐപിസി 363 ഇട്ട് പ്രതിയെ അറസ്റ്റ് ചെയ്തതായി അദ്ദേഹം പറഞ്ഞു. റിമാന്‍ഡ് ചെയ്യുമ്പോള്‍ ഐപിസി 302 വകുപ്പും ചുമത്തും.
ഇയാള്‍ കുട്ടിയെ കൊല ചെയ്യാനുള്ള കാരണം, പ്രതി ഒറ്റയ്ക്കാണൊ അതോ മറ്റാര്‍ക്കെങ്കിലും ഈ കൊലയില്‍ പങ്കുണ്ടൊ, ഇയാളുടെ മുന്‍ പശ്ചാത്തലം എന്നിവയൊക്കെ വെെകാതെ വെളിവാകുമെന്ന് ശ്രീനിവാസ് പറഞ്ഞു. വെള്ളിയാഴ്ച വെെകുന്നേരം ആറിന് ഇയാൾ അടിപിടിയുണ്ടാക്കിയതായി വിവരമുണ്ട്. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം അറിയാനായി ബീഹാര്‍ പൊലീസുമായി ബന്ധപ്പെട്ടതായും ശ്രീനിവാസ് പറഞ്ഞു. ഈ മാസം 22ന് മാത്രമാണ് പ്രതി ആലുവയില്‍ എത്തിയത്.
സിസിടിവി ദൃശ്യങ്ങൾ, സാക്ഷി മൊഴികള്‍, പ്രതിയുടെ കുറ്റസമ്മതം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എന്നീ വിവരങ്ങൾ കൃത്യമായി മനസിലാക്കിയശേഷം മാത്രമേ സംഭവത്തിന്റെ യഥാര്‍ഥ ചിത്രം പുറത്തുവരികയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞദിവസമാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവത്തിന്റെ തുടക്കം. വൈകുന്നേരം ആലുവയില്‍ നിന്ന് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ കാണാതാവുകയായിരുന്നു. പിന്നാലെ മാതാവ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.