തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ഇന്ന് പത്തു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഉച്ചക്കുശേഷം ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം, അറബിക്കടലിൽ തേജ് അതിശക്തമായ ചുഴലിക്കാറ്റായി മാറിയതിന് പിന്നാലെ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദമായി. ന്യൂനമർദ്ദം ഇന്ന് രാവിലയോടെ ചുഴലിക്കാറ്റായി മാറും. ഹമൂൺ എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക. ചുഴലിക്കാറ്റായി മാറിയ ശേഷം പശ്ചിമബംഗാൾ, ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ബുധനാഴ്ചയോടെ ബംഗ്ലാദേശ് തീരത്ത് കര തൊടും. കര തൊടും മുമ്പ് ദുര്ബലമാകും. കേരള തീരത്ത് ചുഴലിക്കാറ്റ് നേരിട്ട് ബാധിച്ചേക്കില്ലെന്നാണ് നിഗമനം. ഒരേസമയം രണ്ടു ചുഴലിക്കാറ്റ് രൂപം കൊള്ളുന്നത് അപൂർവ പ്രതിഭാസമാണ്. സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്കും 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) 23-10-2023ന് രാത്രി 11.30 വരെ 1.0 മുതൽ 3.0 മീറ്റർ വരെയും തെക്കൻ തമിഴ്നാട് തീരത്ത് (കുളച്ചൽ മുതൽ കിലക്കരൈ വരെ) 23-10-2023ന് രാത്രി 11.30 വരെ 1.2 മുതൽ 3.0 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.