കോട്ടയം : പ്രതിഷേധത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സിബിഎൽ) ആദ്യ മത്സരം ഉപേക്ഷിച്ചു. പ്രതിഷേധത്തിനിടെ ട്രാക്കും ടൈമറും തകര്‍ന്നു. നാടകീയ രംഗങ്ങൾക്കൊടുവിൽ ഫൈനൽ മത്സരം ഉള്‍പ്പെടെ ഉപേക്ഷിക്കുകയായിരുന്നു.
ഹീറ്റ്സ് മത്സരത്തിനിടെ മഴയെ തുടര്‍ന്ന് വീണ്ടും തുഴയാൻ അവസരം കൊടുക്കണമെന്ന് കുമരകം ടൗൺ ക്ലബ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംഘാടകര്‍ നിഷേധിച്ചു. ഇതോടെയാണ് പ്രതിഷേധം ഉയർന്നത്. ട്രാക്കിന് കുറതെ വള്ളമിട്ട് പ്രതിഷേധിച്ചതോടെ മത്സരം പ്രതിസന്ധിയിലായി. കുമരകം ടൗൺ ക്ലബിന് വേണ്ടി നടുഭാഗം ചുണ്ടനാണ് മത്സരത്തിൽ പങ്കെടുത്തത്.
പരാതി പറഞ്ഞിട്ട് കേൾക്കാൻ പോലും സംഘാടകസമിതി തയ്യാറായില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ഈ വര്‍ഷത്തിലെ ആദ്യത്തെ സിബിഎൽ മത്സരമാണ് ഇന്ന് താഴത്തങ്ങാടിയിൽ ആരംഭിച്ചത്. ആദ്യ സിബിഎൽ മത്സരം ഉപേക്ഷിച്ചുകൊണ്ടുള്ള തീരുമാനത്തിലും കടുത്ത പ്രതിഷേധമുണ്ടായി.
പ്രതിഷേധിച്ച ടീമുകൾക്കെതിരെയുള്ള നടപടിയടക്കം സിബിഎൽ ടെക്നിക്കൽ കമ്മിറ്റി യോഗം ചേർന്ന് തീരുമാനിക്കും. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസും തുഴച്ചിൽക്കാരും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധത്തിനിടെ ട്രാക്ക് സംവിധാനങ്ങളും ടൈമര്‍ സംവിധാനങ്ങളും തകര്‍ന്നു. ഇതിനുപുറമെ മത്സരം നടത്താനുള്ള വെളിച്ചം ഇല്ലാത്തതും കണക്കിലെടുത്താണ് ഫൈനൽ അടക്കം ഉപേക്ഷിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.