റാഞ്ചി : ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായി സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ടോടെ ചടങ്ങ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് സോറന് ഗവർണർ സി പി രാധാകൃഷ്ണൻ നിർദേശം നൽകി.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി കസ്റ്റഡിയിലെടുത്ത ജെ എം എം നേതാവ് ഹേമന്ത് സോറൻ ഇന്നലെ രാത്രി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഹേമന്ത് സോറന്റെ രാജിയ്ക്ക് പിന്നാലെ സംസ്ഥാന ഗതാഗത മന്ത്രി ചംപായി സോറന്റെ നേതൃത്വത്തിലുള്ള 48 എം എൽ എമാർ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ അർദ്ധരാത്രിയാണ് മന്ത്രിസഭയുണ്ടാക്കാൻ ചംപായി സോറനെ ഗവർണർ ക്ഷണിച്ചത്.