മേപ്പാടി : വയനാട്ടിലെ ഉരുൾപൊട്ടലിൽ കൂടുതൽ മൃതദേഹങ്ങൾ തേടി ചാലിയാർ പുഴയിൽ വ്യാപകപരിശോധന. ചാലിയാറിലൂടെ നിന്ന് മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും ഒഴുകിവരുന്നത് തുടരുന്നതിനാൽ ഇവിടെ ഇന്നും തിരച്ചിൽ ഊർജിതമാണ്. പൊലീസ്, നേവി, കോസ്റ്റ്ഗാർഡ്, വനംവകുപ്പ്, ഫയർ ആൻഡ് റെസ്ക്യൂ, പ്രാദേശിക മുങ്ങൽ വിദഗ്ദർ എന്നിവർ ചേർന്നുള്ള സംയുക്ത പരിശോധനയാണ് ഇവിടെ നടക്കുന്നത്.
ഒരേസമയം മൂന്ന് രീതിയിലാണ് ചാലിയാറിൽ തിരച്ചിൽ പുരോഗമിക്കുന്നത്. 40 കിലോമീറ്ററിൽ ചാലിയാറിന്റെ പരിധിയിൽ വരുന്ന എട്ട് പൊലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളിൽ പൊലീസും നീന്തൽ വിദഗ്ധരായ നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്. ഡ്രോൺ ഉപയോഗിച്ചും ഹെലികോപ്റ്റർ ഉപയോഗിച്ചും സമാന്തരമായി മറ്റൊരു തിരച്ചിൽ പുരോഗമിക്കുന്നു. ഇത് കൂടുതലും വനമേഖല കേന്ദ്രീകരിച്ചാണ്. ഇതോടൊപ്പം കോസ്റ്റ്ഗാർഡും നേവിയും വനം വകുപ്പും ചേർന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങൾ തങ്ങാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചും തിരച്ചിൽ നടത്തുകയാണ്. ഇന്നു രാവിലെയും ചാലിയാറിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ ഉയരുകയാണ്. മരിച്ചവരുടെ എണ്ണം 310 കടന്നെന്നാണ് അനൗദ്യോഗിക കണക്കുകൾ. ദുരന്തബാധിത മേഖലയിൽ തിരച്ചിൽ ഊർജിതമായി തുടരുകയാണ്. മേഖല ആറ് സോണുകളായി തിരിച്ച് 40 ടീമുകളാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാർമല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാർമല, പുഴയുടെ അടിവാരം എന്നിങ്ങനെയാണ് മറ്റ് അഞ്ച് സോണുകൾ. കരസേന, എൻഡിആർഎഫ്, ഡിഎസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തിരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ട്.