ഹൈദരാബാദ്: ഇന്ത്യക്കെതിരായ ഹൈദരാബാദ് ടെസ്റ്റിൽ ഇംഗ്ലണ്ട് പൊരുതുന്നു. മൂന്നാം ദിവസത്തെ കളി അവസാനിപ്പിക്കുന്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 316 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. സെഞ്ചുറി നേടിയ ഒലി പോപ്പിന്റെ (148) ന്റെ പിൻബലത്തിൽ ഇംഗ്ലണ്ടിന് നിലവിൽ 126 റൺസിന്റെ ലീഡുണ്ട്.
ബെന്‍ ഡക്കറ്റ് (52 പന്തിൽ 47), ബെൻ ഫോക്സ് (81 പന്തിൽ 34), സാക് ക്രൗലി (33 പന്തിൽ 31) എന്നിവർ ഒലി പോപ്പിനൊപ്പം നിലയുറപ്പിച്ചതോടെ ടീം സ്കോർ മൂന്നുറുകടന്നു. നിലവിൽ പോപ്പും റെഹാൻ അഹമ്മദുമാണ് ക്രീസിൽ. ഇന്ത്യയ്ക്കായി ബുമ്രയും ആശ്വിനും രണ്ടും അക്ഷർ പട്ടേലും ജഡേജയും ഓരോ വിക്കറ്റും വീഴ്ത്തി. ഏഴു വിക്കറ്റ് നഷ്ടത്തിൽ 421 റൺസെന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് 15 റൺസ് എടുക്കുന്നതിനിടെ ശേഷിക്കുന്ന മൂന്നു വിക്കറ്റുകളും നഷ്ടമായി. സ്കോർ 436ൽ നിൽക്കെ ഇന്ത്യയുടെ മൂന്നു താരങ്ങൾ പുറത്തായി.
180 പന്തിൽ 87 റൺസെടുത്ത രവീന്ദ്ര ജഡേജ ജോ റൂട്ട് എൽബിഡബ്ല്യുവിൽ കുടുക്കി. തൊട്ടുപിന്നാലെ 44 റൺസ് നേടിയ അക്ഷർ പട്ടേലിനെ റെഹാൻ അഹമ്മദ് പുറത്താക്കി.ജസ്പ്രീത് ബുമ്ര നേരിട്ട ആദ്യ പന്തിൽ ബോൾഡായി. ഇംഗ്ലണ്ടിനായി ജോ റൂട്ട് നാലു വിക്കറ്റുകൾ വീഴ്ത്തി.