റായ്പൂര്‍ : അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി സൗജന്യ റേഷന്‍ പദ്ധതി നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്ധതി നീട്ടൂന്നതിലൂടെ 80 കോടി ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നും മോദി പറഞ്ഞു. ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റാലിയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവും മോദിയുടെ ഭാഗത്തുനിന്നുണ്ടായി. ഛത്തീസ്ഗഡിലെ ജനങ്ങളെ കൊള്ളയടിക്കാനുള്ള ഒരവസരവും കോണ്‍ഗ്രസ് ഉപേക്ഷിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡില്‍ അഴിമതിക്ക് ക്ഷാമമില്ല. നേതാക്കളുടെ മക്കള്‍ക്ക് ജോലി നല്‍കുന്നതിനും പൊതുജനങ്ങള്‍ക്ക് ജോലി നിഷേധിക്കുന്നതിനുമാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നത്. പാവപ്പെട്ടവരെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അവരുടെ വേദനയും കഷ്ടപ്പാടും ഇവര്‍ മനസ്സിലാക്കുന്നില്ലെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.
‘ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിങ്ങളെ കൊള്ളയടിക്കാനുള്ള ഒരു അവസരവും ഉപേക്ഷിച്ചിട്ടില്ല. രണ്ട് ദിവസം മുന്‍പ് റായ്പുരില്‍ വലിയ ഒപ്പറേഷന് നടന്നു. കറന്‍സി നോട്ടുകളുടെ വന്‍ ശേഖരം കണ്ടെത്തി. ചൂതാട്ടക്കാരുടെയും വാതുവെപ്പുകാരുടെയും പണമാണിതെന്നാണ് ജനങ്ങള്‍ പറയുന്നത്. ഈ കൊള്ളപ്പണംകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ വീട് നിറക്കുകയാണ്.’ – പ്രധാനമന്ത്രി ആരോപിച്ചു. കുറ്റാരോപിതരായ ദുബായിലെ ആളുകളുമായി എന്തു ബന്ധമാണുള്ളതെന്ന് കോണ്‍ഗ്രസ് വെളിപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ അഴിമതിയും ഏജന്‍സികള്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.