ന്യൂഡൽഹി : മൃഗങ്ങൾക്ക് നൽകാറുള്ള ക്ലോറാംഫെനിക്കോൾ, നൈട്രോഫ്യൂറാൻ എന്നീ ആൻ്റി-ബയോട്ടിക്കുകൾ അടങ്ങിയ എല്ലാ ഫോമുലേഷനുകളുടെയും ഇറക്കുമതി, നിർമാണം, വിൽപ്പന, വിതരണം എന്നിവ കേന്ദ്ര സർക്കാർ നിരോധിച്ചു. ഈ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം മൃഗങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ ദോഷം ചെയ്യുമെന്ന ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നിരോധനം.
സമുദ്രോൽപന കയറ്റുമതി വികസന അതോറിറ്റിയും ഇതേ ആശങ്കകൾ ഉന്നയിച്ചിരുന്നു. കോഴിത്തീറ്റയിലും കാലിത്തീറ്റയിലും ഉൾപ്പെടെ സപ്ലിമെന്റായി ഈ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാറുണ്ട്. മനുഷ്യരിൽ മൂത്രാശയ അണുബാധയുടെയും മറ്റും ചികിത്സയ്ക്കാണ് ഇവ ഉപയോഗിക്കുന്നത്. അസ്ഥിമജ്ജയ്ക്ക് തകരാറ്, വയറിളക്കം തുടങ്ങിയ പാർശ്വഫലങ്ങൾക്ക് ഈ ആന്റിബയോട്ടിക്കുകള്‍ കാരണമാകും.
2018 ല്‍ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ മാംസം, മുട്ട, സമുദ്രവിഭവങ്ങൾ, മത്സ്യബന്ധന ഉൽപ്പന്നങ്ങൾ എന്നിവയുടെ സംസ്കരണത്തിൽ ക്ലോറാംഫെനിക്കോൾ, നൈട്രോഫ്യൂറാൻ എന്നിവയുൾപ്പെടെ നിരവധി ആൻറിബയോട്ടിക്കുകളുടെയും വെറ്ററിനറി മരുന്നുകളുടെയും ഉപയോഗം നിരോധിച്ചിരുന്നു.