ചെന്നൈ : കേന്ദ്ര ഫണ്ട് നൽകുന്നതിൽ തമിഴ്നാടുമായോ കേരളവുമായോ ഏതെങ്കിലും സംസ്ഥാനവുമായോ കേന്ദ്രസർക്കാർ ഒരിക്കലും ശത്രുതമനോഭാവം വച്ചുപുലർത്തിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്ന തമിഴ്നാട് സർക്കാരിന്റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
2014 മുതൽ 2023 വരെ തമിഴ്നാട്ടിൽ നിന്ന് 6.23 ലക്ഷം കോടി രൂപ പ്രത്യക്ഷ നികുതിയായി (ആദായനികുതിയും കോർപ്പറേറ്റ് നികുതിയും) കേന്ദ്രം സ്വീകരിച്ചെങ്കിലും അതേ കാലയളവിൽ 6.96 ലക്ഷം കോടി രൂപ സംസ്ഥാനത്തിന് തിരികെ നൽകിയെന്നും മന്ത്രി പറഞ്ഞു.
“നിലവിലെ കണക്കുകൾ എനിക്ക് മാർച്ചിൽ മാത്രമേ ലഭിക്കൂ. എന്നാൽ ലഭ്യമായ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2014 മുതൽ 2022-23 വരെ തമിഴ്നാട്ടിൽ നിന്നും ലഭിച്ച നികുതി 6.23 ലക്ഷം കോടി രൂപയാണ്. എന്നാൽ ഞങ്ങൾ സംസ്ഥാനത്തിന് 6.96 ലക്ഷം കോടി രൂപ നൽകി.’- വിക്ഷിത് ഭാരത് സങ്കൽപ് യാത്ര പരിപാടിയിൽ സംസാരിക്കവെ അവർ പറഞ്ഞു.
ഈ 6.23 ലക്ഷം കോടി രൂപ നൽകിയത് തമിഴ്നാട്ടിലെ ജനങ്ങൾ മാത്രമാണെന്ന ധാരണ തെറ്റാണ്. നികുതി നൽകിയവരിൽ ഹിന്ദി സംസാരിക്കുന്നവരും ഉണ്ടായിരുന്നു. നിങ്ങളുടെ നികുതി പണം തിരികെ നൽകാനാണ് നിങ്ങൾ ആവശ്യപ്പെടുന്നത്. കേന്ദ്ര സർക്കാർ തമിഴ്നാട്ടിൽ നിന്ന് പിരിച്ചെടുത്ത സെസ്, നികുതി അല്ലെങ്കിൽ ജിഎസ്ടി പോലും തിരികെ നൽകി. അധിക ഫണ്ട് നൽകുകയും ചെയ്യുന്നുണ്ട്- നിർമ്മല സീതാരാമൻ പറഞ്ഞു.
കോവിഡിന് ശേഷം, ധനകാര്യ കമ്മീഷൻ ശിപാർശകൾ കൂടാതെ സംസ്ഥാനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക മൂലധന സഹായം നൽകാൻ പ്രധാനമന്ത്രി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി.
മോദി സർക്കാർ 1996-97 മുതൽ എല്ലാ സംസ്ഥാനങ്ങൾക്കും നൽകാനുണ്ടായിരുന്ന ഏകദേശം 81,645 കോടി രൂപ കുടിശിക തീർത്തു. അതിൽ തമിഴ്നാടിന്റെ വിഹിതം 3,225 കോടി രൂപയായിരുന്നു. സ്കൂളുകളുടെയും റോഡുകളുടെയും നിർമാണം, പ്രധാനമന്ത്രി ആവാസ് യോജന (റൂറൽ), ഗ്രാം സഡക് യോജന എന്നിവയ്ക്കായി സെസും സർചാർജും ആയി ലഭിച്ച പണം സംസ്ഥാനത്തിന് തിരികെ നൽകി.
2014 മുതൽ ഇതുവരെ തമിഴ്നാട്ടിൽ നിന്ന് സെസും സർചാർജും ഇനത്തിൽ ഏകദേശം 57,557 കോടി രൂപ ലഭിച്ചു. എൻഎച്ച്എഐ റോഡുകൾ നിർമിക്കാൻ 37,965 കോടി രൂപയും സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള സമഗ്ര ശിക്ഷാ പദ്ധതിക്ക് വിദ്യാഭ്യാസ സെസിൽ നിന്ന് 11,116 കോടി രൂപയും പിഎംഎവൈ പദ്ധതിക്ക് 4,839 കോടി രൂപയും ഗ്രാമീണ റോഡ് പദ്ധതിക്ക് 3,637 കോടി രൂപയും അനുവദിച്ചു.
2022-23ൽ തമിഴ്നാട്ടിൽ നിന്ന് ജിഎസ്ടിയായി സമാഹരിച്ച 36,353.12 കോടിയിൽ, മുഴുവൻ തുകയും സംസ്ഥാനത്തിന് കേന്ദ്രം നൽകി. കൂടാതെ, സിജിഎസ്ടി കലക്ഷനായ 27,360 കോടി രൂപയിൽ നിന്നും 41 ശതമാനം നൽകുകയും ചെയ്തു. ഞങ്ങൾ വിവേചനമില്ലാതെ ജിഎസ്ടി പൂർണമായും സംസ്ഥാന സർക്കാരുകൾക്ക് നൽകിയിട്ടുണ്ട്
കേന്ദ്രം ഫണ്ട് നൽകുന്നില്ലെന്ന് നിങ്ങൾ കുറ്റപ്പെടുത്തുന്നു. ഓരോ സംസ്ഥാനത്തിനും എത്ര തുക നൽകണമെന്ന് ധനകാര്യ കമ്മീഷനാണ് തീരുമാനിക്കുന്നത്. കേന്ദ്രം തമിഴ്നാടുമായോ കേരളവുമായോ ഏതെങ്കിലും സംസ്ഥാനവുമായോ ശത്രുത പുലർത്തുന്നില്ല. നൽകാനുള്ള തുക എല്ലാ മാസവും നൽകുന്നുണ്ട്. ഉത്സവ വേളകളിൽ മുൻകൂറായും പണം നൽകുന്നുണ്ടെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി.