ന്യൂഡല്‍ഹി : സമരം നടത്തുന്ന കര്‍ഷകരെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. കര്‍ഷക സംഘടനകളുമായി അഞ്ചാംവട്ട ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി അര്ജുന് മുണ്ട പറഞ്ഞു. മിനിമം താങ്ങുവില ഉള്‍പ്പെടെ എല്ലാ വിഷയത്തിലും തുറന്ന ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടന്ന ആദ്യ നാലുവട്ട ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. അഞ്ചുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താങ്ങുവില നല്‍കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം. എന്നാല്‍ കര്‍ഷക സംഘടനകള്‍ ഇതു തള്ളി. നിര്‍ദേശം കര്‍ഷകര്‍ക്കു ഗുണം ചെയ്യുന്നതല്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗം നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍ പറഞ്ഞു.
എംഎസ്പിയുടെ നിയമപരമായ ഉറപ്പിന് പുറമെ, സ്വാമിനാഥന് കമ്മീഷന് ശുപാര്‍ശകള്‍ നടപ്പിലാക്കുക, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്ഷന്, കാര്‍ഷിക കടം എഴുതിത്തള്ളല്‍, വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കരുത്, പൊലീസ് കേസുകള്‍ പിന്‍വലിക്കല്‍, 2021 ലെ ലഖിംപൂര്‍ ഖേരി അക്രമത്തിലെ ഇരകള്‍ക്ക് നീതി, 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പുനഃസ്ഥാപിക്കല്‍, 2020-21 കാലത്തെ മുന്‍ പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം. തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ മുന്നോട്ടുവെച്ചത്.
ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് കർഷകസംഘടനകൾ വീണ്ടും ഡൽഹി ചലോ മാർച്ച് പ്രക്ഷോഭം ആരംഭിച്ചു. പഞ്ചാബ് -ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ ഹരിയാന പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. ഇതേത്തുടർന്ന് സംഘർഷമുണ്ടായി. കർഷക മാർച്ച് തടയുന്നതിനായി കോൺക്രീറ്റ് ബീമുകൾ, മുൾവേലികൾ, ആണികൾ, വലിയ ഷിപ്പിങ് കണ്ടെയ്നറുകൾ തുടങ്ങിയവയും പൊലീസ് റോഡിൽ നിരത്തിയിട്ടുണ്ട്.