


കാസർഗോഡ് : നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുണ്ടായ വിദ്യാർഥി പ്രതിഷേധത്തിനു പിന്നാലെ രാജിവച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പ്രശംസിച്ച് കേരള കേന്ദ്ര സർവകലാശാല.
സർവകലാശാലയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയാണ് മന്ത്രിക്ക് അഭിനന്ദനവും ആശംസകളും നേർന്നുകൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരേ കമന്റ് ബോക്സുകളിൽ പ്രതിഷേധം ശക്തമാക്കി വിദ്യാർഥികൾ രംഗത്തെത്തിയിട്ടുണ്ട്.
രാജ്യത്തിനും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും ധർമേന്ദ്ര പ്രധാനും നൽകിയ വിശിഷ്ട സേവനങ്ങളെ പ്രകീർത്തിച്ചുകൊണ്ടായിരുന്നു കുറിപ്പ്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിൽ അദ്ദേഹം വഹിച്ച നേതൃപരമായ പങ്ക് വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായും സർവകലാശാല പറയുന്നു.
അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് സർവകലാശാല അധികൃതർ ആശംസയും നേരുന്നുണ്ട്. പിന്നാലെയാണ് കുട്ടികൾ ട്രോളുകളും വിമർശനങ്ങളുമായി എത്തിയത്. എന്നാൽ പോസ്റ്റ് പിൻവലിക്കാനോ വിശദീകരണം നൽകാനോ സർവകലാശാല തയാറായിട്ടില്ല.