തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉൽഘാടനത്തിന് ഇനി ദിവസങ്ങൾ മാത്രം. ആദ്യ മദർഷിപ്പ് 12ന് തുറമുഖത്ത് എത്താനിരിക്കെ, വൻ സ്വീകരണം ഒരുക്കാനുള്ള നടപടികൾ സർക്കാർ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ചടങ്ങിൽ വിശിഷ്ടാതിഥിയായി കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ പങ്കെടുക്കും.
ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായി തുറമുഖ മന്ത്രി വിഎൻ വാസവൻ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യുന്ന ചടങ്ങിൽ മന്ത്രി വിഎൻ വാസവൻ അധ്യക്ഷത വഹിക്കും. കപ്പൽ കമ്പനിയായ മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പായ സാൻഫെർണാണ്ടോ ആണ് വിഴിഞ്ഞത്ത് ആദ്യമെത്തുന്നത്. 11ന് എത്തുന്ന കപ്പൽ 12ന് വൈകിട്ട് മൂന്നിന് തുറമുഖത്തേക്ക് അടുപ്പിക്കും. ട്രയൽ റണ്ണിന്റെ ഭാഗമായാണ് കപ്പൽ എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം ആദ്യ ചരക്ക് കപ്പലിന് സ്വീകരണം നൽകും. കഴിഞ്ഞ ഒക്ടോബറിൽ ആദ്യ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് അടുത്തപ്പോൾ സ്വീകരിച്ച മാതൃകയിൽ പൊതുജനങ്ങൾക്കും പരിപാടി നേരിട്ട് കാണാൻ അവസരമൊരുക്കും.
തുറമുഖത്ത് സ്ഥാപിച്ചിട്ടുള്ള ക്രെയിനുകൾ ഉപയോഗിച്ച് മദർഷിപ്പിലെ കണ്ടെയ്നറുകൾ ചെറിയ കപ്പലിലേക്ക് മാറ്റിയാണ് ട്രയൽ നടത്തുന്നത്. ആദ്യ കപ്പലിൽ നിന്നും എത്തുന്ന കണ്ടെയ്നറുകൾ രാജ്യത്തിന്റെ വിവിധ തുറമുഖത്തേക്ക് കൊണ്ടുപോകുന്നതിന് മാറിൻ അജൂർ, സീസ്പാൻ സാന്റോസ് എന്നീ രണ്ടു ഫീഡർ കപ്പലുകളും എത്തും. ഇതിൽ ഒരു കപ്പൽ 13ന് എത്തിച്ചേരുമെന്ന് അദാനി കമ്പനി സ്ഥിരീകരിച്ചു. നിലവിൽ ഒന്നാംഘട്ടത്തിലെ 800 മീറ്റർ നീളമുള്ള ബെർത്ത് നിർമാണം പൂർത്തിയാവുകയാണ്. ഇറക്കുമതി- കയറ്റുമതി പ്രവർത്തനങ്ങൾ നടത്താനുള്ള കസ്റ്റംസിന്റെ അനുമതി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ടിന് ലഭിച്ചിരുന്നു. കസ്റ്റംസ് ആക്ടിലെ സെക്ഷൻ 7എ പ്രകാരമുള്ള അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത്. ഇന്ത്യയുടെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി പ്രവർത്തിക്കാനുള്ള അനുമതി വിഴിഞ്ഞത്തിന് കഴിഞ്ഞ ഏപ്രിലിൽ ലഭിച്ചിരുന്നു.