ന്യൂഡല്‍ഹി : കേന്ദ്ര അവഗണന കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് കോണ്‍ഗ്രസ് എംപി ടി എന്‍ പ്രതാപന്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതാപന് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. കേരളത്തിന് പല പദ്ധതികളുടേയും ഫണ്ട് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ല. തൊടുന്യായങ്ങള്‍ പറഞ്ഞ് സംസ്ഥാനത്തിനുള്ള ഫണ്ട് തടയുകയാണെന്നും പ്രതാപന് ആരോപിക്കുന്നു.
പ്രധാനമന്ത്രി ഗ്രാമീണ്‍ സടക് യോജന, പിഎം പോഷക് പദ്ധതി, സ്വദേശിദര്‍ശന്‍ പോലുള്ള ടൂറിസം പദ്ധതികള്‍ തുടങ്ങിയവയിലെല്ലാം കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് അവഗണന കാണിക്കുകയാണെന്നും പ്രതാപന് അടിയന്തരപ്രമേയ നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു. താന്‍ വ്യക്തിപരമായാണ് നോട്ടീസ് നല്‍കിയതെന്നും പ്രതാപന് പറയുന്നു.
കേരളത്തിലെ ഇടതു സര്‍ക്കാരിനോട് രാഷ്ട്രീയമായ അഭിപ്രായവ്യത്യാസമുണ്ട്. സര്‍ക്കാരിന്റെ ധൂര്‍ത്തിനെയും പിടിപ്പുകേടിനെയും അതിനിശിതമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ പറയട്ടെ, കേന്ദ്രം സംസ്ഥാനത്തിന് അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കുകയാണ്. ഇന്ത്യയിലെ ബിജെപി ഇതര സര്‍ക്കാരുകളോട് ഇതേ സമീപനമാണ് തുടരുന്നത്. ബിജെപി വിരുദ്ധ സര്‍ക്കാരുകളെ കേന്ദ്രം വീര്‍പ്പുമുട്ടിക്കുകയാണെന്നും പ്രതാപന് കുറ്റപ്പെടുത്തുന്നു.
നവകേരള സദസില്‍ അടക്കം മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രം ഫണ്ട് തടഞ്ഞുവെക്കുന്നതാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ആവര്‍ത്തിച്ചിരുന്നു. കേരളത്തിലെ യുഡിഎഫ് എംപിമാര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരായ സിപിഎമ്മിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതാണ് കോണ്‍ഗ്രസ് എംപിയായ പ്രതാപന്റെ അടിയന്തര പ്രമേയ നോട്ടീസ്.
സാമ്പത്തിക പ്രതിസന്ധിയില്‍ ഇടതു സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന നിലപാടാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. പിണറായി വിജയന് സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കൊണ്ടു ചെന്ന് എത്തിച്ചതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും അടക്കമുള്ള നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്.