ന്യൂഡൽഹി : ഹരിയാനയിൽ വർഗീയ സംഘർഷത്തിനു കാരണമായ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ഘോഷയാത്രയിൽ ആയുധങ്ങളുണ്ടായിരുന്നെന്ന് ഗുരുഗ്രാം എംപിയും കേന്ദ്രമന്ത്രിയുമായ റാവു ഇന്ദ്രജിത്ത്. ഘോഷയാത്രയിൽ ആരാണ് ആയുധങ്ങൾ നൽകിയതെന്ന് അദ്ദേഹം ചോദിച്ചു. ആരാണ് വാളും വടികളുമായി ഘോഷയാത്രയ്ക്ക് പോകുന്നത്? ഇത് തെറ്റാണ്-ബിജെപി മന്ത്രി പറഞ്ഞു. “മറുവശത്ത് നിന്ന് പ്രകോപനം ഉണ്ടായിട്ടില്ലെന്ന് ഞാൻ പറയുന്നില്ല. എന്നാൽ ഘോഷ യാത്രയുടെ ഭാഗത്തുനിന്നും പ്രകോപനമുണ്ടായി’- മന്ത്രി ഒരു ദേശീയ മാധ്യമത്തോടായി പറഞ്ഞു. പരാമർശം വിവാദമായതോടെ ഇരുവിഭാഗങ്ങൾക്കും ആയുധം ലഭിച്ചതെങ്ങനെയെന്ന് ഹരിയാന സർക്കാർ അന്വേഷിക്കണമെന്ന് ഇന്ദ്രജിത്ത് സിംഗ് ആവശ്യപ്പെട്ടു. ഇരു വിഭാഗങ്ങളുടെ പക്കലും ആയുധമുണ്ടായിരുന്നെങ്കിൽ ഇത് എങ്ങനെ ലഭിച്ചുവെന്നും എന്തിനാണ് ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിച്ചതെന്നും അന്വേഷിക്കേണ്ട വിഷയമാണ്. ഹരിയാന സർക്കാർ ഇക്കാര്യങ്ങളിൽ അന്വേഷണം നടത്തുമെന്ന് കേന്ദ്രസഹമന്ത്രി പറഞ്ഞു. അതേസമയം, റാവു ഇന്ദ്രജിത്ത് സിംഗിന്റെ പരാമർശത്തിനെതിരെ വിഎച്ച്പി വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ ആഞ്ഞടിച്ചു. അദ്ദേഹം ഘോഷയാത്രയിൽ വടികൾ കൊണ്ടുപോകുന്നത് കണ്ടു, എന്നാൽ മറുവശത്ത് ഉപയോഗിച്ച തോക്കുകളും ആയുധങ്ങളും കണ്ടില്ല- അലോക് കുമാർ പറഞ്ഞു.