ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പിന്നാലെ വിദ്വേഷ പ്രചരണവുമായി കേന്ദ്രമന്ത്രിയും. ‘നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലിംകൾക്ക് നൽകാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു’ എന്ന് പറഞ്ഞ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തെ പിന്തുണച്ചും ഏറ്റുപിടിച്ചും ബിജെപി നേതാക്കൾ രംഗത്തെത്തിയതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെയും പ്രസ്താവന. ഹിമാചൽ പ്രദേശിലെ ഹമിർപുവിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു താക്കൂർ.
‘കോൺഗ്രസിൻ്റെ പ്രകടന പത്രികയിൽ കോൺഗ്രസിൻ്റെ കൈയ്ക്കൊപ്പം നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലിംകൾക്ക് നൽകാനും രാജ്യത്തിൻ്റെ ആണവായുധങ്ങൾ അവസാനിപ്പിക്കാനും ജാതീയതയിലും പ്രാദേശികതയിലും രാജ്യത്തെ വിഭജിക്കാനും ആഗ്രഹിക്കുന്ന വിദേശ ശക്തികളുടെ കൈകളും ദൃശ്യമാണ്’- താക്കൂർ പറഞ്ഞു. തുക്ഡെ- തുക്ഡെ സംഘം കോൺഗ്രസിനെ പൂർണമായും വളഞ്ഞിരിക്കുകയാണെന്നും അവരുടെ ആശയങ്ങൾ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും അനുരാഗ് താക്കൂർ ആരോപിച്ചു..
‘കോൺഗ്രസിൻ്റെ ‘തുക്ഡെ-തുക്ഡെ’ സംഘത്തോടൊപ്പമാണോ അതോ ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്നതിൽ വിശ്വസിക്കുന്ന നരേന്ദ്രമോദിയുടെ കൂടെയാണോ പോവേണ്ടത് എന്ന് നിങ്ങൾ തീരുമാനിക്കണം. കുട്ടികളുടെ സ്വത്ത് അവരുടെ പക്കലായിരിക്കണമോ അതോ മുസ്ലിംകൾക്ക് നൽകണമോ എന്ന് നിങ്ങൾ തീരുമാനിക്കണം’- താക്കൂർ പറഞ്ഞു.
എന്നാൽ, ബിജെപി മുസ്ലിംകൾക്ക് എല്ലാ അവകാശങ്ങളും തുല്യമായി നൽകിയിട്ടുണ്ടെന്നും അത് മതത്തെ അടിസ്ഥാനമാക്കിയല്ലെന്നും മറിച്ച് അതവരുടെ അവകാശമാണെന്നും താക്കൂർ അവകാശപ്പെട്ടു. രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തതിനാൽ നിങ്ങളുടെ മക്കളുടെ സ്വത്ത് തട്ടിയെടുക്കാൻ ആഗ്രഹിക്കുന്നതായും ഗാന്ധി കുടുംബം അവർക്ക് അനുയോജ്യമായത് ചെയ്യുന്നതായും കേന്ദ്രമന്ത്രി ആരോപിച്ചു.
അതേസമയം, താക്കൂറിൻ്റെ പരാമർശം അതിരുകടന്നതാണെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. താക്കൂറിനെതിരെ പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകിയിട്ടുണ്ടെന്നും അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇല്ലെങ്കിൽ കുറ്റക്കാരുടെ പേരെടുത്ത് പറഞ്ഞ് നാണം കെടുത്തുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെയും പാതയാണ് താക്കൂറും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.