ന്യൂഡൽഹി: പൗരത്വഭേദഗതി നിയമം ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ചട്ടങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കും. പൗരത്വത്തിന് അപേക്ഷിക്കാൻ പോർട്ടൽ നിലവിൽ വരുമെന്നും കേന്ദ്ര സർക്കാരിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓൺലൈനായിരിക്കും. പൗരത്വത്തിന് അപേക്ഷിക്കുന്നവർ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വർഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരിൽനിന്ന രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
2019 ഡിസംബറിലാണ് പൗരത്വഭേദഗതി നിയമം പാർലമെന്റ് പാസാക്കിയത്. ഇതിനെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധമുയർന്നിരുന്നു. നിയമം പാസാക്കി നാല് വർഷമായിട്ടും സി.എ.എക്കായുള്ള ചടങ്ങൾ കൊണ്ടുവരാൻ കേന്ദ്രത്തിന് കഴിഞ്ഞിരുന്നില്ല. ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാതെ നിയമം നടപ്പാക്കാനാവില്ല. 2014 ഡിസംബർ 31-ന് മുമ്പ് ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് മതപരമായ പീഡനത്തെ തുടർന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെട്ടവർക്കാണ് പൗരത്വഭേദഗതി നിയമപ്രകാരം പൗരത്വം ലഭിക്കുക.