ന്യൂഡൽഹി : ഓണക്കാലത്ത് വിദേശരാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ അനിയന്ത്രിതമായി ഉയരുന്നതിൽ നടപടിയെടുക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. ടിക്കറ്റ് നിരക്ക് വർധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ ഇടപെടാനാവില്ലെന്ന് അറിയിച്ച് സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡൈനമിക് പ്രൈസിംഗ് രീതിയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനായി ഉപയോഗിക്കുന്നത്. ഇത് പ്രകാരം ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാനക്കമ്പനികൾക്കാണ്. ഡൈനമിക് പ്രൈസിംഗ് രീതിയിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കാൻ യാത്രക്കാർ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമാണ് മാർഗമെന്ന് മന്ത്രി അറിയിച്ചു. മറ്റുള്ള സമയത്തെ അപേക്ഷിച്ച് ഓണക്കാലത്ത് വിമാന ടിക്കറ്റ് നിരക്കിൽ 9.77 ശതമാനം വർധനവ് മാത്രമാണ് ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി.