ന്യൂഡൽഹി: ശക്തമായ വിമർശനത്തിനും കോടതി നടപടികൾക്കുമിടെ പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രം മുന്നോട്ടുതന്നെ. സി.എ.എയുടെ പേരിൽ പുതിയ ആപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. CAA 2019 എന്ന പേരിലുള്ള ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിലും ലഭ്യമാണ്. ആപ്പ് വഴിയും പൗരത്വത്തിനായി അപേക്ഷിക്കാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
മാർച്ച് 11നാണ് പൗരത്വ ഭേദഗതി നിയമം ഔദ്യോഗിക നിയമമാക്കി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്. ഇതിനു പിന്നാലെ പൗരത്വത്തിന് അപേക്ഷിക്കാനായി ആഭ്യന്തര മന്ത്രാലയം പ്രത്യേക പോർട്ടൽ ലോഞ്ച് ചെയ്തിരുന്നു. indiancitizenshiponline.nic.in എന്ന പേരിലാണ് ഔദ്യോഗിക വെബ്സൈറ്റുള്ളത്.1955ലെ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് കേന്ദ്ര സർക്കാർ സി.എ.എ അവതരിപ്പിച്ചത്. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് 2014നുമുൻപ് ഇന്ത്യയിലെത്തുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നുള്ളവർക്ക് പൗരത്വം നൽകുന്നതാണ് നിയമം.
2016 ജൂലൈയിലാണ് ആദ്യമായി ബിൽ ലോക്സഭയിലേത്തിയത്. 2019 ജനുവരി എട്ടിന് ലോക്സഭ പാസാക്കുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്ത് നിരവധി ഹർജികൾ സുപ്രീം കോടതിക്കുമുന്നിലുണ്ട്. 257 ഹരജികൾ ചൊവ്വാഴ്ച പരിഗണിക്കുമെന്ന് ഇന്ന് കോടതി അറിയിച്ചിരുന്നു. കേസുകളിൽ വിശദമായി വാദംകേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്.