ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടരികെ നിൽക്കെ മണിപ്പൂർ സംഘർഷത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്റെ സമയോചിതമായ ഇടപെടൽ മണിപ്പൂരിനെ രക്ഷിച്ചെന്ന് മോദി അവകാശപ്പെട്ടു. സംഘർഷത്തിനു പരിഹാരം കാണാനായി സാധ്യമായതെല്ലാം കേന്ദ്ര സർക്കാർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ദിനപത്രമായ ‘അസം ട്രിബ്യൂണി’നു നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
സംഘർഷം മൂർധന്യാവസ്ഥയിൽ നിൽക്കെ ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിൽ തങ്ങി സംഘർഷം പരിഹരിക്കാൻ ഇടപെട്ടെന്ന് മോദി പറഞ്ഞു. വിവിധ തലത്തിലുള്ള വ്യക്തികളുമായി അദ്ദേഹം 15ലേറെ യോഗങ്ങൾ നടത്തുകയും ചെയ്തു. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട എല്ലാ പിന്തുണയും നിരന്തരമായി കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ അഭയാർഥി ക്യാംപുകളിൽ കഴിയുന്നവർക്കായി സാമ്പത്തിക പാക്കേജ് ഉൾപ്പെടെയുള്ള പരിഹാര നടപടികൾ കൈക്കൊള്ളുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു.