ന്യൂഡല്‍ഹി: ദേശീയ പരീക്ഷാ ഏജന്‍സിയുടെ(എന്‍ടിഎ) പിഴവുകള്‍ പരിശോധിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ച് കേന്ദ്രം. ഇസ്രോ മുന്‍ ചെയര്‍മാനും മലയാളിയുമായ ഡോ.കെ.രാധാകൃഷ്ണനാണ് ഏഴംഗ സമിതിയുടെ അധ്യക്ഷന്‍.
നിലവിലെ പരീക്ഷാ സമ്പ്രദായത്തില്‍ ഏതെങ്കിലും തരത്തില്‍ മാറ്റം വരുത്തണോ എന്ന് സമിതി പരിശോധിക്കും. സുതാര്യമായ പരീക്ഷാ നടത്തിപ്പിന് വേണ്ട സംവിധാനങ്ങള്‍ ഒരുക്കുക. ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള കാര്യങ്ങള്‍ തടയാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക തുടങ്ങിയവയാണ് സമിതിയുടെ ചുമതല.രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നീറ്റ്, നെറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന പശ്ചാത്തലത്തിലാണ് എന്‍ടിഎയുടെ പിഴവുകള്‍ പരിശോധിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉന്നതതല സമിതിയെ നിയോഗിച്ചത്.
അതേസമയം നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർഥികൾക്കായുള്ള പുനഃപരീക്ഷ ഞായറാഴ്ച നടക്കും. പുതിയ സെന്ററുകളിലാണ് പരീക്ഷ നടത്തുക. വിവാദമായ ഏഴ് സെന്ററുകളിൽ ആറെണ്ണത്തിലും മാറ്റം വരുത്തിയതായി എൻടിഎ അറിയിച്ചു. രണ്ട് പേർ മാത്രം പരീക്ഷ എഴുതുന്ന ചണ്ഡീഗഡിലെ സെന്റർ മാത്രം നിലനിർത്തിയിട്ടുണ്ട്. ഹരിയാന, മേഘാലയ, ചത്തീസ്ഗഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് മറ്റ് ആറ് സെന്ററുകൾ.