തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്രം. ഇതിന്റെ ഭാഗമായി കുട്ടിയെക്കുറിച്ചുള്ള പ്രാഥമീക വിവരങ്ങൾക്കു പുറമേ, സാന്പത്തിക ആരോഗ്യവിവരങ്ങളും രക്ഷിതാക്കളുമായി ബന്ധപ്പെടാനുള്ള ഫോണ് നന്പർ ഉൾപ്പെട 54 വിവരങ്ങൾ നല്കണമെന്നാണ് നിർദേശം.
മുൻ കാലങ്ങളിൽ കേന്ദ്രം സംസ്ഥാനത്തെ സ്കൂളുകളേക്കുറിച്ചും അധ്യാപകരേക്കുറിച്ചുമുള്ള വിവരങ്ങളാണ് ശേഖരിച്ചു വന്നിരുന്നത്. എന്നാൽ ഇക്കുറി പ്രീപ്രൈമറി മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ യുഡിഐഎസ്ഇ+ പോർട്ടൽ വഴി നല്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിനോട് നിർദേശിച്ചിട്ടുള്ളത് . കഴിഞ്ഞ വർഷം സ്കൂൾ പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ വിവരങ്ങളും നല്കണമെന്നു നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ കൂടുതൽ വിവരശേഖരണം നടത്തുന്നതിന്റെ കാരണത്തെക്കുറിച്ച് കേന്ദ്രം വിശദീകരണം ഒന്നും നല്കുന്നുമില്ല.