ന്യൂഡൽഹി : ബംഗ്ലാദേശ്, ബഹ്റൈൻ, മൗറീഷ്യസ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലേക്ക് സവാള കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. 54,760 ടൺ ഉള്ളി കയറ്റുമതിക്കാണ് അനുമതി നൽകിയത്. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയാൻ മാർച്ച് 31 വരെ സവാള കയറ്റുമതിക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിൽ ഭാഗിക ഇളവ് നൽകിക്കൊണ്ടാണ് പുതിയ ഉത്തരവ്.
ബംഗ്ലാദേശിലേക്ക് 50,000 ടണ്ണും ബഹ്റൈനിലേക്ക് 3000 ടണ്ണും മൗറീഷ്യസിലേക്ക് 1200 ടണ്ണും ഭൂട്ടാനിലേക് 560 ടണ്ണും അടിയന്തിരമായി കയറ്റുമതി ചെയ്യാൻ അനുമതി നൽകിയതായി കേന്ദ്രം അറിയിച്ചു. മാർച്ച് 31 വരെയാണ് വ്യാപാരികൾക്ക് കയറ്റുമതിക്കുള്ള അനുമതി നൽകിയിരിക്കുന്നത്. ആഭ്യന്തര വിപണിയിൽ വിലകുതിച്ചു കയറിയതോടെ വിപണി ഇടപെടലിന്റെ ഭാഗമായി 2023 ഡിസംബർ 8 നു സവാളയുടെ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു . മാർച്ച് 31 വരെയാണ് നിരോധനം. അതിനിടയിലാണ് 4 രാജ്യങ്ങൾക്കായുള്ള പ്രത്യേക കയറ്റുമതിക്കുള്ള അനുമതി നൽകിയത്.