ന്യൂഡൽഹി: ജനന മരണ രജിസ്ട്രേഷന് ആധാർ വിവരങ്ങൾ ഉപയോഗിക്കുന്നതിന് കേന്ദ്രാനുമതി. ജനന മരണ രജിസ്ട്രേഷൻ സമയത്ത് നൽകുന്ന തിരിച്ചറിയിൽ വിവരങ്ങൾ ആധികാരികമാക്കുന്നതിന് ആധാർ ഡേറ്റാ ബേസ് ഉപയോഗിക്കുന്നതിന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയ്ക്കാണ് കേന്ദ്രം അനുമതി നൽകിയത്.
എന്നാൽ ജനന മരണ രജിസ്ട്രേഷനുകൾക്ക് ആധാർ നിർബന്ധമല്ലെന്നും കേന്ദ്രം വ്യക്തമാക്കി. ആധാർ വിവരങ്ങൾ ഉപയോഗിക്കുന്ന അവസരങ്ങളിൽ കേന്ദ്രസർക്കാർ നിഷ്കർഷിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കർശനമായും പാലിക്കണമെന്നും കേന്ദ്രം ആവശ്യപെട്ടു. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് പുറമേ സെൻസസ് കമ്മീഷണറിനും ആധാർ ഡേറ്റാ ബേസുകൾ ഉപയോഗിക്കാമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം വ്യക്തമാക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് കേന്ദ്ര-ഇലക്ട്രോണിക്സ് ഐടി മന്ത്രാലയം വിജ്ഞാപനമിറക്കിയത്.