ന്യൂഡൽഹി: അയോധ്യ പ്രതിഷ്ഠ ദിനമായ ജനുവരി 22ന് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചു. ഉച്ചക്ക് 2.30 വരെ അവധി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ ഉത്തരവ് പുറത്തിറക്കി. ജീവനക്കാരുടെ വികാരവും അവരിൽ നിന്നുള്ള അപേക്ഷകളും കണക്കിലെടുത്ത്, രാമക്ഷേത്രത്തോടനുബന്ധിച്ച് എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകളിലും കേന്ദ്ര സ്ഥാപനങ്ങളിലും കേന്ദ്ര വ്യവസായ സ്ഥാപനങ്ങളിലും ജനുവരി 22 ന് ഉച്ചയ്ക്ക് 2:30 വരെ കേന്ദ്ര സർക്കാർ അർദ്ധദിന അവധി പ്രഖ്യാപിക്കുകയാണെന്ന് ഉത്തരവിൽ പറയുന്നു.
അതെ സമയം അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ദിവസം അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് കത്തയച്ചു. അയോധ്യയിലെ ഉദ്ഘാടന ചടങ്ങുകളിലും രാജ്യത്തിന്റെ പലഭാഗങ്ങളിൽ നടക്കുന്ന മറ്റ് അനുബന്ധ പരിപാടികളിലും ജഡ്ജിമാർക്കും അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും പങ്കെടുക്കണം. അതിനാൽ അവധി നൽകണമെന്നുമാണ് ബാർ കൗൺസിൽ ചെയർമാനുമായ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ മനൻ കുമാർ മിശ്ര നൽകിയ കത്തിൽ പറയുന്നത്. ജനുവരി 22 ന് അടിയന്തര വാദം കേൾക്കേണ്ട കേസുകൾ പുനഃക്രമീകരിക്കുകയോ അടുത്ത ദിവസം പരിഗണിക്കുകയോ ചെയ്യാം. കത്ത് സഹാനുഭൂതിയോടെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.