തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു ഈ വർഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ഈ വർഷം സംസ്ഥാനം 3,000 കോടിയാണ് കടമെടുത്തിരിക്കുന്നത്. അതിനു പുറമെയാണിത്. ഏപ്രിലിൽ കേന്ദ്രം പ്രഖ്യാപിച്ച തുകയിൽ നിന്നും 16,253 കോടി വെട്ടിക്കുറച്ചുകൊണ്ടാണ് പുതിയ കടമെടുപ്പ് പരിധി അനുവദിച്ചിരിക്കുന്നത്.
ഈ വർഷം 37,512 കോടി രൂപയാണ് കേരളത്തിനു കടമെടുക്കാൻ അനുമതിയുള്ളതെന്നു ഏപ്രിലിൽ കേന്ദ്രം അറിയിച്ചിരുന്നു. ഇപ്പോൾ അനുവദിച്ച തുകയും സംസ്ഥാനം നേരത്തെയെടുത്ത 3,000 കോടിയുമടക്കം കടമെടുപ്പിനു അനുമതി ലഭിച്ച ആകെ തുക 21,253 കോടി രൂപയായി. 16,253 കോടിയുടെ കുറവ് സംബന്ധിച്ച് വ്യക്തത തേടി സംസ്ഥാനം കേന്ദ്രത്തെ സമീപിക്കും.ഡിസംബർ വരെ നിശ്ചിത തുക അനുവദിച്ച ശേഷം അവസാന മൂന്ന് മാസത്തേക്ക് ബാക്കിയുള്ള തുക വെട്ടിക്കുറവുകൾക്കു ശേഷം അനുവദിക്കാറുണ്ട്. 21,253 കോടി രൂപ കടമെടുക്കാൻ സാധിക്കുക ഡിസംബർ വരെയോ, മാർച്ചു വരെയോ എന്നതിലാണ് സംസ്ഥാനം വ്യക്തത തേടാൻ ഒരുങ്ങുന്നത്.കടമെടുപ്പിനു അനുമതി തേടി സംസ്ഥാന സർക്കാർ രണ്ട് വട്ടം കത്തയച്ചിരുന്നു. പിന്നാലെയാണ് ഇപ്പോൾ കേന്ദ്രത്തിന്റെ അറിയിപ്പ് ലഭിച്ചത്.