ന്യൂഡൽഹി: കേരളത്തിനു പ്രളയ ധന സഹായം അനുവദിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാനത്തിനു 145.60 കോടി രൂപ ധന സഹായം ലഭിക്കും. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. കേരളത്തെ കൂടാതെ ഗുജറാത്ത് (600 കോടി രൂപ), മണിപ്പുർ (50 കോടി രൂപ), ത്രിപുര (25 കോടി രൂപ) സംസ്ഥാനങ്ങൾക്കും കേന്ദ്രം തുക പ്രഖ്യാപിച്ചിട്ടുണ്ട്.
3000 കോടിയാണ് കേരളം സഹായമായി ആവശ്യപ്പെട്ടത്. ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നുള്ള അധിക സഹായം അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര തീരുമാനം വന്നിട്ടില്ല. കേരളം ഉൾപ്പെടെയുള്ള 9 സംസ്ഥാനങ്ങലിലെ പ്രളയ സാഹചര്യം വിലയിരുത്തിയെന്നും കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് കിട്ടിയ ശേഷം തുക അനുവദിക്കുമെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ഇതിനു പിന്നാലെയാണിപ്പോൾ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ വിഹിതമായി 145.60 കോടി അനുവദിച്ചത്.
അതിനിടെ വയനാട് ദുരന്തത്തിൽ ഉൾപ്പെടെയുള്ള കേന്ദ്ര സഹായം ഇതുവരെ സംസ്ഥാനത്തിനു ലഭിച്ചിട്ടില്ല. വിശദമായ മെമ്മോറാണ്ടം നൽകിയിട്ടുണ്ടെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല. കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും സഹായം അനുവദിക്കുന്നത്. സഹായം വൈകുന്നതിൽ വിമർശനം ഉയരുന്നതിനിടെയാണ് ഇപ്പോൾ വിഹിതം ലഭിക്കുന്നത്.