ന്യൂഡൽഹി : ആദ്യ കേന്ദ്രമന്ത്രിസഭാ യോഗത്തിനു പിന്നാലെ 1,39,750 കോടി രൂപ നികുതി വിഭജനത്തിന് കേന്ദ്രസർക്കാർ. ഉത്തർപ്രദേശിനും ബീഹാറിനും കൂടുതൽ നികുതി പണം വിഭജിച്ച് നൽകിയപ്പോൾ കേരളത്തിന് 2690.20 കോടി രൂപയാണ് ലഭിച്ചിട്ടുള്ളത്. ഏറ്റവും കുറവ് തുക ലഭിച്ച 5 സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിന് പുറമെ പഞ്ചാബ്, ഹിമാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ എന്നീ സംസ്ഥാനങ്ങൾക്കാണ് ഏറ്റവും കുറഞ്ഞ തുക ലഭിച്ചിട്ടുള്ളത്.
തമിഴ്നാടിന് 5700.44 കോടിയും ആന്ധ്രാപ്രദേശിന് 5655.72 കോടിയും ലഭിച്ചു. അയൽ സംസ്ഥാനമായ കർണാടകയ്ക്ക് 5096.72 കോടി രൂപയാണ് ഇത്തവണ ലഭിച്ചത്.യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാറിന് 25,069.88 കോടി രൂപ നൽകിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സഖ്യകക്ഷിയായ നിതീഷ് കുമാർ നയിക്കുന്ന ബിഹാറാണ് രണ്ടാം സ്ഥാനത്ത്. 14,056.12 കോടി രൂപയാണ് സംസ്ഥാനത്തിന് ധനമന്ത്രാലയം കൈമാറിയത്. ഈ പട്ടികയിൽ ഏറ്റവും കൂടുതൽ പണം സ്വീകരിക്കുന്ന മൂന്നാമത്തെ സംസ്ഥാനം മധ്യപ്രദേശാണ്. 10,970.44 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിച്ചത്.
നികുതി പണം സംസ്ഥാനങ്ങളുടെ വികസനത്തിന്
2024-25ലെ ഇടക്കാല ബജറ്റിൽ സംസ്ഥാനങ്ങൾക്ക് നികുതി കൈമാറ്റത്തിനായി 12,19,783 കോടി രൂപ വകയിരുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. സംസ്ഥാനങ്ങൾക്ക് നികുതി വിഭജനം അനുവദിക്കുമ്പോൾ, 2024 ജൂണിലെ വിഭജന തുകയുടെ പതിവ് റിലീസിന് പുറമേ, ഒരു അധിക ഗഡു കൂടി അനുവദിക്കുമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വികസനവും മൂലധന ചെലവും ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് ഇത് ഉപയോഗിക്കാൻ കഴിയും.അധിക ഗഡുവിനൊപ്പം, ജൂൺ 10 തിങ്കളാഴ്ച (2024-25 സാമ്പത്തിക വർഷത്തേക്ക്) സംസ്ഥാനങ്ങൾക്ക് കൈമാറിയ ആകെ തുക 2,79,500 കോടി രൂപയാണ്.
ധനമന്ത്രാലയത്തിൽ നിന്ന് പശ്ചിമ ബംഗാളിന് 10513.46 കോടിയും മഹാരാഷ്ട്രയ്ക്ക് 8828.08 കോടിയും ലഭിച്ചു. രാജസ്ഥാൻ 8421.38 കോടി, ഒഡീഷ, 6327.92 കോടി എന്നിവയാണ് മറ്റുള്ള തുകകൾ. ഗുജറാത്തിന് 4860.56 കോടിയും അനുവദിച്ചു. ജാർഖണ്ഡിന് 4621.58 കോടി രൂപ ലഭിച്ചു. പഞ്ചാബിന് 2525.32 കോടി രൂപയും ഹിമാചൽ പ്രദേശിന് 1159.92 കോടി രൂപയും കൈമാറി. ഇതിന് പുറമെ മണിപ്പൂരിനും മേഘാലയയ്ക്കും യഥാക്രമം 1000.60, 1071.90 കോടി രൂപ ലഭിച്ചിട്ടുണ്ട്.