ന്യൂഡല്‍ഹി : രാജ്യത്ത് സവാള വില പിടിച്ചുകെട്ടാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. രണ്ടാഴ്ചയ്ക്കിടെ വില രണ്ടിരട്ടിയായി വര്‍ധിച്ച് കിലോയ്ക്ക് 90 രൂപയുടെ അടുത്ത് എത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. സബ്സിഡി നിരക്കില്‍ സവാള 25 രൂപയ്ക്ക് വില്‍ക്കാനാണ് തീരുമാനം. ഇതിനായി 170 നഗരങ്ങളിലായി 685 കേന്ദ്രങ്ങളില്‍ സവാള വില്‍പ്പന സ്റ്റാളുകള്‍ ആരംഭിച്ചു.
കൂടാതെ എന്‍സിസിഎഫ്, നാഫെഡ് കേന്ദ്രങ്ങള്‍ വഴിയും 25 രൂപയ്ക്ക് സവാള വിതരണം ചെയ്യും. സവാളയുടെ ബഫര്‍ സ്റ്റോക്ക് മൂന്നുലക്ഷം മെട്രിക് ടണില്‍നിന്ന് അഞ്ച് ലക്ഷം മെട്രിക് ടണാക്കി ഉയര്‍ത്തിയിരുന്നു.
സബ്സിഡി നിരക്കില്‍ വില്‍ക്കുന്നതോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ സവാള ലഭ്യമാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഡല്‍ഹി -എന്‍സിആറില്‍ 71 സ്ഥലങ്ങളിലും ജയ്പൂര്‍ (22) ലുധിയാന (12), വാരാണസി (10),റോഹ്തക് (6), ശ്രീനഗര്‍ (5) ഇടങ്ങളിലും കുറഞ്ഞ വിലയില്‍ സവാള ലഭ്യമാണ്.ഭോപ്പാല്‍, ഇന്‍ഡോര്‍, ഭുവനേശ്വര്‍, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ മൊബൈല്‍ വാനുകള്‍ വഴിയും കിഴിവോടെ സവാള വില്‍പ്പന നടത്തുന്നുണ്ട്.
രണ്ടാഴ്ച മുമ്പ് വരെ മുപ്പത്തി അഞ്ച് രൂപയില്‍ താഴെയായിരുന്നു ഒരുകിലോ സവാളയുടെ വില. ഇതാണ് 90 രൂപ വരെയെത്തിയത്. മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉള്ളി ഉല്പാദനം കുറയുന്നതാണ് വില കുത്തനെ കൂടാന്‍ കാരണം.