ന്യൂഡല്‍ഹി: ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്കുന്നില്ലെന്നത് രാഷ്ട്രീയ പ്രേരിതമായ ആക്ഷേപമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. നിക്ഷിപ്തതാത്പര്യക്കാര്ക്കേ ഇങ്ങനെ പറയുന്നതില്‍ സന്തോഷിക്കാനാവൂ എന്ന് ധനമന്ത്രി പറഞ്ഞു. ലോക്സഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകള്‍ക്ക് അനുസൃതമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന്, കര്‍ണാടകയ്ക്കു ഫണ്ടു നല്‍കുന്നില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആക്ഷേപത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ ചോദ്യത്തിന് നിര്‍മല മറുപടി പറഞ്ഞു. ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകളില്‍ ഇടപെടാന്‍ ഒരു ധനമന്ത്രിക്കും കഴിയില്ല. ഈ സംസ്ഥാനത്തെ എനിക്കിഷ്ടമല്ല, അതുകൊണ്ടു കാശു കൊടുക്കുന്നതു നിര്‍ത്തിയേക്കൂ എന്ന് ഒരു മന്ത്രിക്കും പറയാനാവില്ല. അതിനെല്ലാം കൃത്യമായ സംവിധാനങ്ങളുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
ഈ സംസ്ഥാനത്തെ എനിക്കിഷ്ടമല്ല, അതുകൊണ്ടു കാശു കൊടുക്കുന്നതു നിര്‍ത്തിയേക്കൂ എന്ന് ഒരു മന്ത്രിക്കും പറയാനാവില്ല.ചട്ടങ്ങള്‍ തനിക്കു മാത്രമായി മാറ്റാനാവില്ല. അതിനു തനിക്ക് അധികാരമില്ല. സത്യത്തില്‍ ഇക്കാര്യത്തില്‍ ധനമന്ത്രിക്ക് ഒന്നും ചെയ്യാനില്ല. ചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് നിര്‍മല സീതാരാമന് പറഞ്ഞു. ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകള്‍ ഭയവും സ്വജനപക്ഷപാതവും ഇല്ലാതെ നടപ്പാക്കുക. എല്ലാ ധനമന്ത്രിമാര്‍ക്കും അതു തന്നെയാണ് ചെയ്യാനാവുക.
ബജറ്റിനു പുറത്താണ് സര്‍ക്കാരിന്റെ ചെലവഴിക്കലെങ്കില്‍ തനിക്കൊന്നും ചെയ്യാനില്ല. അതില്‍ തന്നെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കര്‍ണാടക ഉപമുഖ്യമന്ത്രി തന്നെ വന്നു കണ്ടിരുന്നു. വസ്തുതകള്‍ അദ്ദേഹത്തോടു പറഞ്ഞിട്ടുണ്ട്. ഫിനാന്‍സ് കമ്മിഷന് ആവശ്യപ്പെടാത്തിടത്തോളം തനിക്ക് ഒന്നും ചെയ്യാനാവില്ല- ധനമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുകയാണെന്ന് ആരോപിച്ച് കര്‍ണാടക, തമിഴ്നാട്, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നതിനിടെയാണ് കേന്ദ്ര ധനമന്ത്രിയുടെ വിശദീകരണം.