തിരുവനന്തപുരം: കേന്ദ്ര അവഗണനയ്ക്കെതിരായ സംയുക്ത പ്രക്ഷോഭത്തിന്റെ സാധ്യത ചർച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ച യോഗം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉപ നേതാവ് കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കുന്നുണ്ട്. ഓൺലൈനായിട്ടാണ് യോഗം. മൂന്നരയ്ക്കാണ് യോഗം ആരംഭിച്ചത്.
മുഖ്യമന്ത്രി ക്ലിഫ് ഹൗസിലും പ്രതിപക്ഷനേതാവ് ആലുവ ഗസ്റ്റ് ഹൗസിലും കുഞ്ഞാലിക്കുട്ടി ദുബൈയിലും ആയതിനാലാണ് ഓൺലൈനായി യോഗം വിളിച്ചത്. യോഗത്തിൽ ആദ്യം മുഖ്യമന്ത്രി സംസാരിക്കും. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നതിനെതിരെ നിയമപരമായ പോരാട്ടം ആരംഭിച്ചിട്ടുണ്ടെന്നും രാഷ്ട്രീയപോരാട്ടമാണ് ഇനി വേണ്ടതെന്നും അതിന് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടും. കക്ഷി രാഷ്ട്രീയം മാറ്റിവച്ച് സംസ്ഥാനത്തിന്റെ ആവശ്യമായി പരിഗണിച്ചുവേണം പ്രതിപക്ഷം ഈ വിഷയവുമായി സഹകരിക്കാനെന്ന നിലപാടാണ് മുഖ്യമന്ത്രിക്കും എൽഡിഎഫിനുമുള്ളത്.
കേരളത്തിലെ വികസന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടുപോവാൻ കഴിയാത്ത രീതിയിൽ കേന്ദ്രം വലിയ രീതിയിൽ സാമ്പത്തികമായി ഞെരുക്കുകയാണ്. ക്ഷേമപെൻഷനുകൾ മുടങ്ങുകയാണ്. അതിൽ വലിയ പ്രക്ഷോഭം നടത്താനുള്ള എൽഡിഎഫിന്റെ രാഷ്ട്രീയ തീരുമാനത്തിന് പ്രതിപക്ഷത്തിന്റെ പിന്തുണ വേണമെന്ന ആവശ്യം മുഖ്യമന്ത്രി മുന്നോട്ടുവച്ചേക്കും.നേരത്തെ, ഈ വിഷയത്തിൽ പാർലമെന്റ് സമ്മേളനത്തിന് മുമ്പ് വിളിച്ച യോഗത്തിൽ സംസ്ഥാനത്തെ എം.പിമാരെല്ലാവരുംകൂടി സംയുക്തമായി കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുഡിഎഫ് എം.പിമാർ അന്നതിനോട് സഹകരിച്ചിരുന്നില്ല.
കേന്ദ്രം പണം തരുന്നില്ലെന്നതും സാമ്പത്തിക ബുദ്ധിമുട്ടുണ്ട് എന്നതും വസ്തുതയാണ്. എന്നാൽ കേന്ദ്രത്തെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയാണ് ഇത്രയും വലിയ പ്രതിസന്ധിക്കു കാരണമെന്നും യുഡിഎഫ് പറഞ്ഞിരുന്നു. ഇതിനെതിരെ വലിയ രാഷ്ട്രീയ പ്രതിരോധം സിപിഎം തീർത്തിരുന്നു. പ്രതിപക്ഷത്തിന്റെ ഈ നിലപാട് തുറന്നുകാണിച്ചുള്ള പ്രസംഗങ്ങളാണ് നവകേരള സദസിൽ 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയത്. ഇതിനു ശേഷമാണ് ഇപ്പോൾ വീണ്ടും പിന്തുണയാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
ജനുവരിയിൽ തന്നെ ഡൽഹിയിൽ കേന്ദ്രത്തിനെതിരെ കേരളത്തിൽ എം.പിമാരും മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരുമൊക്കെ പങ്കെടുത്തുള്ള പ്രതിഷേധം തീരുമാനിച്ചിട്ടുണ്ട്. ഇതിലേക്ക് പ്രതിപക്ഷം കൂടി വരണം എന്ന ആവശ്യം മുന്നോട്ടുവയ്ക്കാനാണ് ഇപ്പോൾ ഇത്തരമൊരു യോഗം. എന്നാൽ പെട്ടെന്നുള്ള തീരുമാനം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാവാൻ സാധ്യതയില്ല. യുഡിഎഫിലെ മറ്റ് ഘടകകക്ഷികളുമായി കൂടിയാലോചിച്ചുവേണം അന്തിമ തീരുമാനമെടുക്കാനെന്ന നിലപാടായിരിക്കും പ്രതിപക്ഷ നേതാവും പി.കെ കുഞ്ഞാലിക്കുട്ടിയും സ്വീകരിക്കുക.