ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായുള്ള കേന്ദ്ര പൊതുബജറ്റ് ഉടൻ . ലോക്സഭയിൽ ഇന്നു രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിൽ (വോട്ട് ഓണ്‍ അക്കൗണ്ട്) ഇടത്തരം വരുമാനക്കാരെയും വൻകിട വ്യവസായികളെയും സന്തോഷിപ്പിക്കുന്ന ജനപ്രിയ പ്രഖ്യാപനങ്ങൾക്കായി രാജ്യം കാത്തിരിക്കുന്നു.
പ്രത്യേക റെയിൽ ബജറ്റ് നിർത്തലാക്കിയതിനാൽ റെയിൽവേയുടെ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും. ഡിജിറ്റലായുള്ള ബജറ്റ് അവതരണം തത്സമയ സംപ്രേഷണം ഉണ്ടാകും. എംപിമാർക്ക് ഉൾപ്പെടെ ബജറ്റ് രേഖകൾ ഇന്റർനെറ്റിലാകും നൽകുക. വാർഷിക സാന്പത്തിക പ്രസ്താവന, ഗ്രാന്റുകൾ, ധനകാര്യ ബിൽ എന്നിവ ഉൾപ്പെടെ 14 കേന്ദ്ര ബജറ്റ് രേഖകളും ’യൂണിയൻ ബജറ്റ് മൊബൈൽ ആപ്പ്’ വഴിയും www.indiabudget.gov.in ലും ലഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ജൂലൈയിലാകും സന്പൂർണ ബജറ്റ്. നിർമലയുടെ ആറാമത്തെ ബജറ്റാണിത്.
തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ലക്ഷ്യമിടുന്ന പ്രഖ്യാപനങ്ങൾക്കിടയിലും ഇന്ത്യയെ വികസിത സന്പദ്ഘടന ആക്കുന്നതിനും ബജറ്റ് ശ്രദ്ധിച്ചേക്കും.