കൊച്ചി: ട്രഷറി നീക്കിയിരിപ്പിൽ നിന്ന് നാലായിരം കോടിരൂപ വായ്പ എടുക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കവും കേന്ദ്രം തടഞ്ഞു. ഈ സാമ്പത്തിക വർഷം പതിനായിരം കോടി എടുക്കാൻ കഴിയുമായിരുന്നത് വായ്പാ പരിധി കഴിഞ്ഞു എന്ന സാങ്കേതിക കാരണം ചൂണ്ടി കാട്ടിയാണ് കേന്ദ്രം വായ്പ തടഞ്ഞത്. .
ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ ഇനി 1000 കോടി രൂപ മാത്രമാണ് പുറമേ നിന്ന് വായ്പ എടുക്കാനുള്ള പരിധിയിൽ ശേഷിക്കുന്നത്. ഈ സാങ്കേതികത മറികടക്കാൻ ട്രഷറി നീക്കിയിരുപ്പ് പ്രയോജനപ്പെടുത്തുക എന്നതായിരുന്നു സർക്കാരിനു മുന്നിലെ പോംവഴി. പ്പോൾ ട്രഷറി നീക്കിയിരിപ്പ് വായ്പാ സാധ്യതയും കൂടി തടഞ്ഞു. മുൻവർഷങ്ങളുടെ പരിധി ഒന്നിച്ച് കണക്കാക്കിയാണ് ഇതിന് നിദാനമായ സാങ്കേതിക തടസ്സം ഉന്നയിച്ചിരിക്കുന്നത്.
അനുവദനീയമായ പതിനായിരത്തിൽ നാലായിരം കോടി സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ സംസ്ഥാനം എടുത്തിരുന്നു. മൂന്നു വർഷത്തെ ശരാശരി കൂടി ഇതിനോടൊപ്പം കൂട്ടി കണക്കാക്കുമ്പോൾ ബാക്കി ശേഷിക്കുന്നില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.2017 മുതലാണ് ട്രഷറി നീക്കിയിരുപ്പ് വായ്പാപരിധിയുമായി ബന്ധിപ്പിച്ച് ഉത്തരവ് കൊണ്ടു വന്നത്. ആദ്യം ഒരു വർഷത്തെ വായ്പയാണ് പരിധിക്ക് അടിസ്ഥാനമാക്കിയത്. പിന്നീടത് മൂന്ന് വർഷത്തെ ശരാശരിയാക്കി.
2021ൽ 13000 കോടി ഈ ഫണ്ടിൽ നിന്നും എടുത്തിരുന്നു. ഇത് കൂടി ഉൾപ്പെടുത്തി കാണിച്ചാണ് വിലക്ക്. ശമ്പള പരിഷ്കരണം നടപ്പാക്കിയ സാഹചര്യത്തിലായിരുന്നു അന്ന് സംസ്ഥാന സർക്കാർ കൂടുതൽ തുക എടുത്തത്. വൈദ്യുതി മേഖലയിലെ നവീകരണം മാനദണ്ഡമാക്കി കേരളത്തിന് 4065കോടി രൂപ കിട്ടാനുണ്ട്. പുതുവർഷം തുടങ്ങിയത് മുതൽ ട്രഷറി ഓവർഡ്രാഫ്റ്റിലാണ്. 1644 കോടിവരെയാണ് ഓവർഡ്രാഫ്റ്റ് എടുക്കാവുന്നത്.
കഴിഞ്ഞ വർഷം 9000കോടിയും ഈ വർഷം 6000കോടിയും മാത്രമാണ് സംസ്ഥാനം വായ്പ എടുത്തത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലും പിൻവലിക്കാൻ കഴിയുമായിരുന്ന ബാക്കിത്തുക നിലനിൽക്കും എന്ന പ്രതീക്ഷയിലായിരുന്നു. ഇതിൻ്റെ ആനുകൂല്യം ഇപ്പോൾ പ്രയോജനപ്പെടുത്താം എന്ന കണക്കു കൂട്ടലിലായിരുന്നു സംസ്ഥാനം. പക്ഷേ, അടുത്ത വർഷം മുതലേ അതിന്റെ ഗുണം കിട്ടൂ എന്നാണ് കേന്ദ്രം പറയുന്നത്.