ന്യൂഡൽഹി: ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില (എംഎസ്പി) വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കൂടിയ മന്ത്രിസഭ യോഗത്തിലാണ് എംഎസ്പി വർധിപ്പിക്കാൻ തീരുമാനമായത്. പുതിയ എംഎസ്പി പ്രകാരം നെല്ലിന്റെ ഏറ്റവും കുറഞ്ഞ താങ്ങുവില ക്വിന്റലിന് 2,040 രൂപയിൽ നിന്ന് 2,183 രൂപയായി ഉയർത്തി.
ചെറുപയർ പരിപ്പിനാണ് ഏറ്റവും കൂടുതൽ വർധന വരുത്തിയിരിക്കുന്നത്.എംഎസ്പി ക്വിന്റലിന് 7,755 രൂപയിൽ നിന്ന് 8,558 രൂപയായി ഉയർത്തി. കർഷകരിൽ നിന്ന് ധാന്യങ്ങൾ സർക്കാർ സംഭരിക്കുന്ന നിരക്കാണ് മിനിമം താങ്ങുവില. നിലവിൽ ഖാരിഫ്, റാബി സീസണുകളിലായി കൃഷി ചെയ്യുന്ന 23 വിളകൾക്ക് സർക്കാർ എംഎസ്പി നിശ്ചയിക്കുന്നു.എക്കാലത്തെയും ഉയർന്ന വർധനവാണ് വരുത്തിയിരിക്കുന്നതെന്ന് കേന്ദ്രം അവകാശപ്പെട്ടു.